കണ്ണൂർ: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ട്രേഡ് യൂണിയൻ ഐക്യസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചക്രസ്തംഭനസമരത്തിന്റെ ഭാഗമായി ജില്ലയിലും 21ന് 11 മണി മുതൽ 11.15 വരെ 15 മിനുട്ട് സമയം വാഹനങ്ങളുടെ ഓട്ടം നിർത്തിവച്ച് പ്രതിഷേധസമരം നടത്തുമെന്ന് ജില്ലാ ട്രേഡ് യൂണിയൻ ഐക്യസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ ആയിരത്തിലധികം പ്രവർത്തകർ അണിനിരന്ന് വാഹനങ്ങൾ നിർത്തിവച്ച് പ്രതിഷേധസമരം നടത്തും.

ആംബുലൻസ് ഒഴികെ ഇരുചക്രവാഹനങ്ങളുൾപ്പെടെ എല്ലാ വാഹനങ്ങളും ഓട്ടം നിർത്തിയായിരിക്കും പ്രതിഷേധ സമരം സംഘടിപ്പിക്കുക. 21ന് രാവിലെ 11 ന് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിക്കാനാണ് തീരുമാനം. തൊഴിലാളികളോടൊപ്പം പൊതുജനങ്ങൾ മുഴുവനും ഈ സമരത്തിന്റെ ഭാഗമായി പ്രതിഷേധസമരം വിജയിപ്പിക്കണമെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി .സഹദേവൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി സി.പി .സന്തോഷ് കുമാർ, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ .കരീം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. മനോഹരൻ, ഐ.എൻ.ടി.യു.സി നേതാവ് വി.വി ശശീന്ദ്രൻ എന്നിവരും സംബന്ധിച്ചു.