കണ്ണൂർ: ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ഓടയ്ക്ക് സമീപം കണ്ടെത്തി. കണ്ണൂർ കളക്ടറേറിന് മുന്നിലെ റോഡരികിലാണ് സംഭവം. ചെളിപുരണ്ട നിലയിലായിരുന്നു പതാക. വിവരം അറിഞ്ഞെത്തിയ ടൗൺ പൊലീസ് പതാക സ്ഥലത്ത് നിന്നും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി പതാകയോട് അനാദരവ് കാണിച്ച് കളക്ടറേറ്റിന് മുന്നിൽ കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിസരത്തെ ഹോട്ടലുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും. സംഭവത്തെ വളരെ ഗൗരവകരമായാണ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
കളക്‌ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഒാഫീസുകളുടെ വരാന്തയിലോ മറ്റോ അലക്ഷ്യമായി വച്ച പതാക നഗരത്തിലെ ആക്രി ശേഖരിക്കുന്നവരിൽ ആർക്കോ ലഭിക്കുകയും അയാൾ പതാക പൈപ്പിൽ കുത്തി കളക്‌ടറേറ്റ് പരിസരത്ത് തന്നെ സ്ഥാപിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.