കാസർകോട്: നഗരത്തിൽ തോക്ക് ചൂണ്ടി യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കാസർകോട് മുനവ്വർ ഖാസിം എന്ന മുന്ന (28) ആണ് പിടിയിലായത്. നേരത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസിഫിനെ (40) അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരുപ്രതിയെ ആണ് പിടികൂടാനുള്ളത്. കാസർകോട് തായലങ്ങാടിയിൽ മാർച്ച് ഒന്നിന് രാത്രി 7.45 മണിയോടെയാണ് സംഭവം നടന്നത്.
ആളുകൾ നോക്കി നിൽക്കെയാണ് പൊണ്ടം ജ്യൂസ് കട നടത്തുന്ന പള്ളിക്കര പൂച്ചക്കാട്ടെ ഇല്യാസിന്റെ സഹോദരൻ താജുദ്ദീനെ (31) ആക്രമിച്ചത്. അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താജുദ്ദീൻ മംഗളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരന് കൈക്ക് നിസാര പരിക്കേറ്റിരുന്നു. മുനവ്വർ ഖാസിം കൊലപാതകം ഉൾപെടെ അനവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട്, വിദ്യാനഗർ, കുമ്പള പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു.