road
ദേശീയ പാതയിൽ പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തുള്ള കുഴികൾ

നീലേശ്വരം : ദേശീയപാതയിൽ കാഞ്ഞങ്ങാട് സൌത്ത് മുതൽ അപകടകരമായ രീതിയിൽ കുഴികൾ രൂപപ്പെട്ടു. കാര്യങ്കോട് പാലം വരെ ഏതാണ്ട് പത്തുകിലോമീറ്റർ വരെ ഏറെ പ്രധാന്യമുള്ള ഈ പാത പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വെള്ളം നിറഞ്ഞ് വാഹനങ്ങളെ അപകടത്തിൽ പെടുത്തുന്ന ചതിക്കുഴികളാണ് ഇവയിൽ അധികവും.

കാലവർഷം ശക്തി പ്രാപിച്ചതോടുകൂടി ഈ വെള്ളം മൂടിയ മഴകുഴികളിൽ വീണ് എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളാണ് നടക്കുന്നതെന്ന് പള്ളിക്കര ഗേറ്റിൽ ഡ്യൂട്ടിയിലുള്ള ഹോംഗാർഡ് ഭാസ്‌ക്കരൻ പറഞ്ഞു. പലപ്പോഴും ചെറിയ കാറുകളും ഓട്ടോകളും ഇരുചക്രവാഹനങ്ങളുമാണ് കുഴികളിൽപ്പെടുന്നത്. കഴിഞ്ഞ ആഴ്ച പള്ളിക്കര ഗേറ്റിനടുത്ത് മാത്രം കുഴികളിൽ വീണ് അഞ്ചോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പടന്നക്കാട് മേൽപ്പാലം കഴിഞ്ഞാൽ പിന്നെ കഴികളോട് കുഴിയാണ്. നീലേശ്വരം പാലത്തിൽ നിറയെ കുഴികളാണ്. കരുവാച്ചേരി പ്രാദേശിക വികസനം കേന്ദ്രം മുതൽ പള്ളിക്കര ഗേറ്റും കഴിഞ്ഞ് കാര്യങ്കോട് പാലം വരെ രണ്ടു ഡസനോളം വലിയ കുഴികളുണ്ട്.

പലയിടത്തും ടാറിന്റെ മേൽപാളി ഇളകി പോയാണ് കുഴികൾ രൂപപ്പെട്ടത് . മൺസൂൺ മഴക്ക് മുമ്പ് ടാറിംഗ് നടത്താത്തതാണ് കുഴികൾക്ക് കാരണമെന്നാണ് പറയപ്പെടുന്നത് .അറ്റകുറ്റപ്പണിചെയ്തപ്പോൾ ടാർ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തതും പെട്ടെന്ന് കുഴി രൂപപ്പെടുന്നതിന് കാരണമാകുന്നുവെന്നും പരാതിയുണ്ട്.ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ എത്രയും പെട്ടെന്ന് കുഴികൾ മൂടിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഡ്രൈവർമാരുടെ അഭിപ്രായം.