കണ്ണൂർ :ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതോടെ കൊവിഡ് വാർഡുകളിൽ തിരക്ക് ഒഴിയുന്നു. ഇതോടെ പതുക്കെ ആശുപത്രികളിൽ കൊവിഡ് ഇതര ചികിത്സ പൂർവ്വ സ്ഥിതിയിലേക്ക് വരികയാണ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ സ്‌പെഷ്യലിസ്റ്റ് ഒ.പികൾ പുനരാരംഭിച്ചു.
ശസ്ത്രക്രിയകൾ ഒഴികെ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ സാധാരണ നിലയിലേക്ക് എത്തും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നിലവിൽ അടിയന്തര ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സക്കായി 198 കിടക്കകളാണ് സജ്ജമാക്കിയിരുന്നത്. ഇതിൽ ഇപ്പോൾ 46 രോഗികൾ മാത്രമാണ് ഉള്ളത്.
ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണത്തിലും ഇതിനനുസരിച്ചു കുറവുണ്ട്.
സർക്കാർ ആശുപത്രികളിൽ 486 രോഗികൾ മാത്രം
നിലവിൽ സർക്കാർ ആശുപത്രികളിൽ ആകെ 486 പേർ മാത്രമേ ചികിത്സയിലുള്ളൂ. 838 സാധാരണ കിടക്കകളാണ് സർക്കാർ ആശുപത്രികളിൽ ഉള്ളത്. ഇതിൽ 248 കിടക്കകളിലേ രോഗികളുള്ളൂ. 136 ഐ.സി..യു കിടക്കകളിൽ 103 പേരാണ് ചികിത്സയിലുള്ളത്. 60 വെന്റിലേറ്ററിൽ 35 എണ്ണത്തിലാണ് രോഗികൾ.
അഞ്ച് സി.എസ്.എൽ.ടി.സികളിലും കിടക്കകൾ ഒഴിഞ്ഞു. 239 കിടക്കകളുള്ളതിൽ 62 പേർ മാത്രമാണ് ചികിത്സയിൽ. ഒമ്പത് സി.എഫ്.എൽ.ടി.സികളിൽ 629 കിടക്കകൾ ഉള്ളതിൽ 77രോഗികൾ മാത്രമെ ഉള്ളു.779 കിടക്കകളുള്ള ഡോമിസിലറി കെയർ സെന്ററുകളിൽ ഉപയോഗിക്കുന്നത് 34 മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നുണ്ട്.
ഇന്നലെ 429 പേർ
ടി.പി.ആർ 6.97%
രോഗമുക്തി 407