മാഹി: ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗ്രന്ഥാലയം. മയ്യഴിയുടെ കണ്ണായ സ്ഥലത്ത്, മാഹി പാലത്തിനടുത്ത മനോഹരമായ പുഴയോരത്തുള്ള ബാലഗംഗാധര തിലകിന്റെ പേരിലുള്ള വായനശാല ...
മയ്യഴിയുടെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത്, വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മഹത്തായ സ്ഥാപനം ഇന്ന് അടഞ്ഞുകിടക്കുകയാണ്.
മദ്യം നിയാമക ശക്തിയായി മാറിയ മയ്യഴിയിൽ, മദ്യശാലകൾക്കിടയിലുള്ള ഈ വായനശാലയിലേക്ക്, മൂക്കറ്റം കുടിച്ച് ലക്കും ലഗാനുമില്ലാതെ കടന്നുവരുന്ന മദ്യപന്മാർ തീരാശാപമായതോടെയാണ് വായനശാലയ്ക്ക് താഴുവീണത്. വായനശാലയിൽ പലപ്പോഴും ഇവർ കിടന്നുറങ്ങും. വരാന്തയിൽ ബോധമറ്റ് കിടക്കും. ഛർദ്ദിച്ച് വെക്കും. മദ്യപന്മാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ, സ്ഥാപനം അടച്ചിടുകയല്ലാതെ ഭാരവാഹികൾക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.ഇ.ഭരതൻ മുൻകൈയെടുത്താണ് തിലക് മെമ്മോറിയൽ ആർട്സ് ആൻഡ് സ്‌പോട്സ് ക്ലബ്ബ് എന്ന സ്ഥാപനം കെട്ടിപ്പൊക്കിയത്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും, അനേകമനേകം അക്ഷര സ്‌നേഹികളെ ഇവിടേക്ക് ആകർഷിച്ചിരുന്നു. പൗരപ്രമുഖനായിരുന്ന സി.കെ. ചക്രപാണി വക്കീലായിരുന്നു ആദ്യ പ്രസിഡന്റ്. പിൽക്കാലത്ത് മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ഈ സ്ഥാപനത്തിന്റെ അമരക്കാരായിരുന്നിട്ടുണ്ട്.
മയ്യഴിയിൽ സർക്കാർ തലത്തിൽ ബാലകലാമേള ഇല്ലാതിരുന്ന കാലത്ത് 25 വർഷക്കാലം മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളേയും കോർത്തിണക്കി തിലക് ബാലകലാമേള നടത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വർഷങ്ങളായി നടത്തിവന്ന അഖില കേരള ചിത്രരചനാ മത്സരവും ഈ സ്ഥാപനത്തിന്റെ യശസ്സുയർത്തി. സെമിനാറുകൾ, ചർച്ചാ യോഗങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു സാംസ്‌ക്കാരിക സദസുകൾ. ഗാന്ധിജയന്തിയും, ശിശുദിനവും, ഓണാഘോഷങ്ങളുമെല്ലാം പ്രൗഢമായി നടത്തിയ ഒരു കാലമുണ്ടായിരുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ സ്ഥാപനം നേതൃത്വം നൽകിയിരുന്നു. മയ്യഴിയുടെ പ്രവേശന കവാടത്തിലുള്ള അടഞ്ഞ് കിടക്കുന്ന ഈ സ്ഥാപനം, ഇന്ന് ശാപമോക്ഷത്തിന് കേഴുകയാണ്.