തളിപ്പറമ്പ്: ചന്ദനമരങ്ങൾ മുറിച്ചുവെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ തടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പരിയാരം വായാട് വെള്ളി പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വായാട്ടെ കാഞ്ഞിരങ്ങാടൻ തങ്കയുടെ വീട്ടുവളപ്പിലെ 25 വർഷത്തോളം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങളാണ് മുറിച്ചത്. കനത്ത മഴയിൽ യന്ത്രവാൾ ഉപയോഗിച്ചാണ് മരം മുറിച്ചത്.
എന്നാൽ മരം വീഴുന്ന ശബ്ദം കേട്ടതോടെ അടുത്ത വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെയാണ് മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടത്. മോഷ്ടാക്കളുടെ ഷൂസും മുറിക്കാനുപയോഗിച്ച കത്തിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയാരം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയിരുന്നു. പരിയാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കാലത്ത് വ്യാപകമായ ചന്ദനമോഷണം പതിവാണെന്നും മോഷണം തടയാൻ പൊലീസ് ജാഗ്രത പാലിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.