കണ്ണൂർ: കെ.പി.സി.സി ഭാരവാഹിയും തലശ്ശേരി ഇന്ദിരാഗാാന്ധി സഹകരണാശുപത്രി ചെയർമാനുമായ മമ്പറം ദിവാകരൻ കോൺഗ്രസിൽ ഒറ്റപ്പെടുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഒരു സ്വകാര്യ ചാനലിൽ നടത്തിയ പരാമർശമാണ് മമ്പറത്തിന് വിനയായത്. മമ്പറത്തിന്റെ വിമർശനങ്ങളെ പാടെ അവഗണിക്കുകയാണെന്ന് കെ. സുധാകരൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കാമ്പസ് കഥകളല്ല പറയേണ്ടത്. ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല. സുധാകരനെ അദ്ധ്യക്ഷനാക്കും മുൻപേ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നു. പിണറായി വിജയനെ സുധാകരൻ അടിച്ചിട്ട കഥ താൻ മുമ്പ് കേട്ടിട്ടില്ല, തുടങ്ങിയ പരാമർശങ്ങളാണ് മമ്പറം കെ. സുധാകരനെതിരെ നടത്തിയത്.
കെ.പി.സി.സി അദ്ധ്യക്ഷനെന്ന സ്ഥാനത്ത് നിന്ന് കൊണ്ട് കാമ്പസ് കഥകൾ പറയുന്നത് കോൺഗ്രസിന് ഗുണകരമാവില്ലെന്നും മമ്പറം ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്പറത്തിന്റെ വിമർശനങ്ങൾ പുറത്തുവന്നതോടെ അദ്ദേഹത്തെ ന്യായീകരിക്കാൻ കോൺഗ്രസ് നേതാക്കളാരും രംഗത്തുവന്നതുമില്ല. നേതൃമാറ്റത്തിന് ശേഷം അണികളിൽ ഉണ്ടായ ആവേശം തണുപ്പിക്കാനേ ഇത്തരം നിലപാടുകൾ കൊണ്ട് ഉപകരിക്കൂ എന്നാണ് മുൻനിര നേതാക്കളുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ പ്രസ്താവനക്ക് അനുകൂലമായും പ്രതികൂലമായും ആരും ഒന്നും പറഞ്ഞതുമില്ല. വയലാർ രവി ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന മമ്പറം ദിവാകരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ്. ഇത് ചേർത്തു വായിച്ചാണ് മമ്പറത്തെ അണികൾ വിലയിരുത്തുന്നത്.