nurse

കണ്ണൂർ: പരിഗണനയും പരിരക്ഷയുമില്ലാതെ ഹോംനഴ്സുമാർ. അസംഘടിതരാണെന്ന ഒരൊറ്റ കാരണത്തിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ആവശ്യമായ സഹായമോ ആമുകൂല്യങ്ങളെ ലഭിക്കാതെ പിന്തള്ളപ്പെടുന്നത്. സംസ്ഥാനത്ത് പതിനായിരത്തിലധികം ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിൽ പോലും ഇവരെ കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ല. സ്വന്തം മക്കൾ പോലും അറപ്പോടെ കൈകാര്യം ചെയ്യുന്ന രോഗികളെ പരിചരിക്കുന്ന സമൂഹത്തിലെ വലിയൊരു വിഭാഗമാണ് ആരോരും ശ്രദ്ധിക്കാതെ അവഗണനയിൽ കഴിയുന്നത്.

കൊവിഡ് കാലത്ത് സമൂഹത്തിലെ സമസ്ത മേഖലകൾക്കും സർക്കാരിന്റെ സഹായങ്ങളും മറ്റ് സംഘടനകളുടെ കൈതാങ്ങും ലഭ്യമായപ്പോൾ ഇവ എത്തപ്പെടാത്ത ഒരേയൊരു വിഭാഗമാണ് ഹോം നഴ്സുമാർ. 1980 കാലത്ത് കോട്ടയത്താണ് ആദ്യമായി ഹോംനഴ്സ് എന്ന ആശയം രൂപപ്പെട്ടതും നടപ്പിലായതും. കോട്ടയത്ത് ഹോം നഴ്സുമാർക്ക് വേണ്ടുന്ന പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ പോലും ഉണ്ടായിരുന്നു. പാൻടെക് പോലുള്ള സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോം നഴ്സുമാരുടെ കണക്ക് കുറച്ചെങ്കിലും ലഭ്യമാണെങ്കിലും സ്വകാര്യ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്നവരെ കുറിച്ചുള്ള ഒരു ധാരണയും ആർക്കും ഇല്ലെന്നതാണ് വാസ്തവം. രോഗീ പരിചരണം, ശിശുപരിചരണം, പ്രസവകാല ശ്രശൂഷ, വീട്ടുജോലികൾ എന്നിവക്കാണ് പ്രധാനമായും ഹോംനഴുമാരെ ആശ്രയിക്കുന്നത്. നേരത്തെ ഇത്തരം ആളുകളെ ആധികമാരും ആശ്രയിക്കാറില്ലെങ്കിലും അണുകുടുംബങ്ങൾ വ്യാപകമായതോടെ ഹോംനഴ്സ് എന്നത് ആർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു മേഖലയായി തീർന്നിരിക്കയാണ്.

ഹോംനഴ്സുമാരുടെ പ്രശ്നങ്ങൾ വിലയിരുന്നതിനും ഇവരുടെ പ്രയാസങ്ങൾ സർക്കാരിന്റെ മുന്നിൽ എത്തിക്കുന്നതിനും വേണ്ടി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കൂക്കാനം റഹ്മാൻ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇവരിൽ സംഘടിത ബോധമുണ്ടാക്കി സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് റഹ്മാൻ മാസ്റ്റർ ലക്ഷ്യടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9446270260, 7012655179 എന്ന നമ്പറിലോ ബന്ധപ്പെടണം.