കാസർകോട്: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അതീവ രഹസ്യമായി ചട്ടങ്ങൾ പാലിക്കാതെ ജോലി നൽകിയെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും.
ആശുപത്രിയിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വടം കെട്ടി തടഞ്ഞു. തുടർന്നാണ് ഉന്തും തള്ളും ഉണ്ടായത്. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ ശാന്തമാക്കി. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, ഉദുമ അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, ദീപു കൃഷ്ണൻ, രാഹുൽ രാംനഗർ, ഉമേശൻ കാട്ടുകുളങ്ങര, ടി.വി.ആർ സൂരജ്, നിതീഷ് കടയങ്ങൻ, സി.കെ രോഹിത്, നന്ദു കല്ല്യോട്ട്, അഖിൽ അയ്യങ്കാവ്, സുനീഷ് മാവുങ്കാൽ തുടങ്ങിയവർ പ്രസംഗിച്ചു.
പടം...
കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.