കണ്ണൂർ: നീചമായ, വൃത്തികെട്ട മനസുള്ള, മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് കെ. സുധാകരനെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനൽ, ക്വട്ടേഷൻ സംഘങ്ങളുടെ സംരക്ഷകനാണ് കെ. സുധാകരൻ.
ഇങ്ങനെയൊരാളെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തിരുകിക്കയറ്റാൻ പാടില്ലായിരുന്നു. ഒരിക്കലും തിരഞ്ഞെടുക്കപ്പെട്ട നേതാവല്ല സുധാകരൻ. കത്തിയും വടിയും കാട്ടി നേതാക്കളെയടക്കം ഭയപ്പെടുത്തിയാണ് കണ്ണൂർ ഡി.സി.സി പ്രസിഡന്റായത് പോലും.
കോൺഗ്രസ് നേതാവ് പി. രാമകൃഷ്ണനെ കണ്ണൂർ ഡി.സി.സി ഓഫീസിൽ നിന്ന് ഗുണ്ടകളെ വിട്ട് വലിച്ച് പുറത്തിട്ടയാളാണ് കെ. സുധാകരൻ. പൊലീസുകാരുടെ സംരക്ഷണത്തിലാണ് നാൽപ്പാടി വാസുവിനെ വെടിവച്ചു കൊന്നത്. ഈ കേസിലെ പൊലീസിന്റെ എഫ്.ഐ.ആറിൽ സുധാകരൻ പ്രതിചേർക്കപ്പെട്ടിരുന്നു. ഈ എഫ്.ഐ.ആർ പിന്നീട് ആഭ്യന്തര മന്ത്രിയായ കരുണാകരൻ ഇടപെട്ട് മാറ്റിച്ചാണ് സുധാകരനെ കേസിൽ നിന്ന് ഒഴിവാക്കിയത്. അന്ന് അധികാരം ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. ഇങ്ങനെയുള്ള ഒരു ഗുണ്ടാനേതാവാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡൻറ്. കോൺഗ്രസിന്റെ അവസ്ഥയിൽ ദുഃഖിക്കുകയേ നിവൃത്തിയുള്ളൂവെന്നും ജയരാജൻ പറഞ്ഞു.