ആലക്കോട്: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. ആലക്കോട് വട്ടക്കയം സ്വദേശി ജോഫിൻ വെള്ളാപ്പാണിയിൽ (23), അരങ്ങം സ്വദേശി അക്ഷയ് (21) എന്നിവരെയാണ് കാണാതായത്.
ഇന്നലെ വൈകന്നേരം 6 മണിയോടെയാണ് സംഭവം. രയറോം പുഴയിൽ ആറാട്ടുകടവ് ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ഇവരെ കൂടാതെ മറ്റ് 4 പേരും അവിടെ കളിക്കുന്നുണ്ടായിരുന്നു. ശക്തമായ മലവെള്ളത്തിൽ പെട്ട് ജോഫിൻ ഒഴുക്കിൽ പെടുകയായിരുന്നു. ജോഫിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ അക്ഷയും ഒഴുക്കിൽപ്പെട്ടു.
ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നതിനാൽ കൂടെയുണ്ടായിരുന്നവർക്ക് ഒന്നും ചെയ്യാനായില്ല. വിവരമറിഞ്ഞ് നാട്ടുകാരും ആലക്കോട് പൊലീസും തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. രാത്രിയായതോടെ പ്രതികൂല കാലാവസ്ഥ മൂലം ഫയർഫോഴ്സ് സംഘം തിരിച്ചു പോയി. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരും.