ഒരു സീസണിൽ ഉത്പാദനം 20,000 ടൺ
തൃക്കരിപ്പൂർ: കവ്വായി കായലിലെ കല്ലുമ്മക്കായ കൃഷി കാസർകോടിന്റെ വ്യവസായ യൂണിറ്റാക്കുമെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രഖ്യാപനത്തിൽ തീരദേശത്ത് ആഹ്ളാദം. ധനമന്ത്രി അവതരിപ്പിച്ച 100 ഇന പദ്ധതിയിൽ ഉൾപ്പെട്ടതോടെയാണ് ജില്ലയിലെ കല്ലുമ്മക്കായ കർഷകരിൽ പുത്തൻ പ്രതീക്ഷയുണർന്നത്. സംസ്ഥാനത്തെ മറ്റു ജലാശയങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുന്നതുമടക്കമുള്ള പ്രോജക്ടാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്..
ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടിയിലധികം തിരിച്ചുപിടിക്കാമെന്നതാണ് ഈ കൃഷിയുടെ ഏറെ അനുകൂലമായ ഘടകം. കാലാവസ്ഥ വ്യതിയാനമനുസരിച്ച് ലാഭക്കണക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും നൂറുകണക്കിന് കർഷകർ ഈ മേഖലയിൽ സജീവമാണ്. ഓരോ സീസണിലും ഇരുപതിനായിരം ടൺ കല്ലുമ്മക്കായ കവ്വായി കായലിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വലിയപറമ്പ പഞ്ചായത്തിലെ ഇടയിലക്കാട്, തെക്കെക്കാട്, പടന്നയിലെ വിവിധ ഭാഗങ്ങൾ, വെള്ളാപ്പ്, ആയിറ്റി, മെട്ടമ്മൽ തുടങ്ങിയ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഭാഗങ്ങൾ, ചെറുവത്തൂർ പഞ്ചായത്തിന്റെ തീരദേശം എന്നിവിടങ്ങളിലാണ് കല്ലുമ്മക്കായ കൃഷി ഇറക്കിയിട്ടുള്ളത്.
കായൽ ചതിച്ചില്ലെങ്കിൽ ഇരട്ടിലാഭം
ആറുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്നതും കാലാവസ്ഥയും കായലും ചതിച്ചില്ലെങ്കിൽ ഏറെ ലാഭമാകുന്നതുമാണ് കല്ലുമ്മക്കായ കൃഷി. ഡിസംബർ, ജനുവരി മാസങ്ങളിൽ പുഴയിൽ മുളകൊണ്ടുള്ള പ്ലാറ്റ്‌ഫോമുണ്ടാക്കിയാണ് വിത്തു നിക്ഷേപിക്കുന്നത്. ഒരു മീറ്ററോളം നീളത്തിലുള്ള വണ്ണമുള്ള കമ്പകയറിന് കണക്കായുള്ള തുണിസഞ്ചി ഉണ്ടാക്കി അതിൽ വിത്തു നിക്ഷേപിച്ച ശേഷം,വിത്തടക്കമുള്ള സഞ്ചി പുഴയിൽ തയ്യാറാക്കിയ മുള കൊണ്ടുണ്ടാക്കിയ ഫ്ളാറ്റുഫോമിൽ തൂക്കിയിടും. വിത്തുകൾ സജീവമാകുതോടെ സഞ്ചിയിലുള്ള കമ്പയിൽ പറ്റിപ്പിടിക്കുകയും പ്രായമാകുന്നതിനുസരിച്ച് സഞ്ചി തകർത്ത് ഇവ ഒരു കുല പോലെ വളർന്ന് പുറത്തേക്ക് വരും. ജൂണിലാണ് വിളവെടുപ്പ്. ചൂടു കൂടുന്നതും പുഴയിലെ ലവണാംശത്തിന് വ്യതിയാനം സംഭവിക്കുന്നതും കായ കയറിൽ നിന്ന് പൊഴിയുന്നതിനിടയാക്കും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കൃഷിക്കായുള്ള വിത്തുകൾ ശേഖരിക്കുന്നത്. 3000 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ചാക്ക് വിത്തിന് ഇപ്പോൾ 5000 രൂപയായി ഉയർന്നിട്ടുണ്ട്.
സാധാരണക്കാരായ പലരും വായ്പയെടുത്താണ് കല്ലുമ്മക്കായ കൃഷിക്ക് ഇറങ്ങുന്നത്. എന്നാൽ വിത്തിനും വിപണനത്തിലും ഇടനിലക്കാരന്റെ ഇടപെടൽ ആവശ്യമായി വരുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ കൃഷി നാശം സംഭവിക്കുന്നതും പതിവാണ്. നഷ്ടം സംഭവിക്കാതിരിക്കാൻ ഇൻഷൂറൻസ് പരിരക്ഷ അടക്കമുള്ള സംവിധാനമൊരുക്കണം-
എം. ലക്ഷ്മണൻ , കല്ലുമ്മക്കായ കർഷകൻ, ഇടയിലക്കാട്,