ship
എം.വി. ഹോപ് 7 ഫീഡർ കപ്പൽ

നാഷണൽ മാരിടൈം ഡവലപ്മെന്റ് സ്കീമിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ രണ്ടാമത്തെ തുറമുഖം

കണ്ണൂർ: കടൽവഴിയുള്ള വാണിജ്യത്തിന് പുത്തുനുണർവ്വ് പകർന്ന് 24ന് അഴീക്കൽ തുറമുഖത്ത് കപ്പലെത്തും. കഴിഞ്ഞദിവസം അഴീക്കൽ സന്ദർശിച്ച തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഈ മാസം അവസാനത്തോടെ അഴീക്കലിൽ കപ്പലെത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. കൊച്ചി തുറമുഖത്ത് നിന്ന് ബേപ്പൂർ വഴി അഴീക്കൽ തുറമുഖത്തേക്കുള്ള കണ്ടെയ്നർ ചരക്ക് കപ്പൽ സ‌ർവീസിനാണ് ആദ്യ ഘട്ടത്തിൽ തുടക്കമാകുന്നത്.

ഒരു കപ്പലാണ് ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. മുംബെയിലെ റൗണ്ട് ദി കോസ്റ്റ് ഷിപ്പിംഗ് കമ്പനിയുടെ എം.വി. ഹോപ് 7 ഫീഡർ കപ്പലാണ് സർവീസിനായി തയ്യാറായിരിക്കുന്നത്. പ്രതിവർഷം കോടികളുടെ നേട്ടമാണ് ഇതിലൂടെ സംസ്ഥാന വാണിജ്യകയറ്റുമതി മേഖലയ്ക്കുണ്ടാകുക. കൊച്ചിയിൽ നിന്ന് മലബാർ മേഖലയിലേക്ക് ചരക്ക് കപ്പൽ സർവ്വീസ് തുടങ്ങുന്നതോടെ കടത്ത് കൂലിയിനത്തിൽ വലിയ കുറവുണ്ടാകും. റോഡിലെ ഗതാഗതകുരുക്കിനും കുറവുണ്ടാകും. നിലവിൽ കൊച്ചിയിൽ നിന്ന് റോഡ് മാർഗം കണ്ടെയ്നർ നീക്കത്തിന് 36,000 രൂപ വരെയാണ് ചിലവ്. ഗുജറാത്തിൽ നിന്നുള്ള നിരവധി കണ്ടെയ്നറുകൾ കൊച്ചി തുറമുഖം വഴിയാണ് മലബാറിലേക്ക് റോഡുമാർഗ്ഗം എത്തുന്നത്. ഒന്നിന് മാത്രം 25,000 രൂപയോളം അധിക ചിലവ് വരുന്നുണ്ട്.

അഴീക്കൽ സജീവമായാൽ മാലിയിലെ നിർമ്മാണത്തിനുള്ള കല്ല് വരെ കണ്ണൂർ-കാസർകോട് ജില്ലകളിൽ നിന്നും കൊണ്ടു പോകാനാകും. ഗേറ്റ്ഷീ,​ ചോഗ്ലേ തുടങ്ങിയ കപ്പലുകൾ ഇവിടെ നിന്നും സർവീസ് ആരംഭിക്കാൻ സന്നദ്ധത കാട്ടിയിട്ടുണ്ടെന്നാണ് വിവരം.

‌പുതിയ തുറമുഖത്തിന്റെ ഡി.പി.ആർ ഉടൻ

പുതിയ തുറമുഖത്തിന്റെ ഡി.പി.ആർ ഉടൻ പൂർത്തിയാകുമെന്നാണ് പോർട്ട് അധികൃതർ നൽകുന്ന സൂചന. ഇതോടൊപ്പം നിലവിലെ തുറമുഖത്തിന്റെ നവീകരണത്തിനും പ്രാധാന്യം നൽകും. കടലിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് പോർട്ട്. പുതിയ തുറമുഖം നിർമ്മിക്കുന്നത് ബ്രേക്ക് വാട്ടറിന്റെ തെക്ക് ഭാഗത്താണ്. ഇവിടെ മണലെടുപ്പിലൂടെ നാലര മീറ്ററോളം ആഴം കൂടിയതിനാൽ ഇടത്തരം കപ്പലുകൾക്കെല്ലാം എത്താനാകും. വലിയ കപ്പലുകൾക്ക് നേരിട്ട് അഴീക്കലിൽ കയറാനായാൽ വൻ സാമ്പത്തിക നേട്ടമുണ്ടാകും. 1962ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ ഏറ്റവും പ്രധാന തുറമുഖമായി അഴീക്കലിനെ വിശേഷിപ്പിച്ചിരുന്നു.

വികസനത്തിലേക്ക് ഇങ്ങനെ

കോസ്റ്റൽ ഷിപ്പിംഗിനായി മാട്ടൂൽ ഭാഗത്തെ തടസം കൂടി നീക്കണം.

കപ്പലുകൾക്കായി റൂട്ട് മാർക്ക് ചെയ്യണം

12മീറ്റർ വരെ ആഴം കൂട്ടിയാൽ വലീയ കപ്പലുകൾക്കും എത്താം