sarada
പൊന്ന്യംപാലം തുരുത്തിയിൽ തെക്കേപൊയിൽ ശാരദക്ക് നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ടി. ഹരിദാസൻ നിർവഹിക്കുന്നു

തലശ്ശേരി: പൊന്ന്യംപാലം തുരുത്തിയിൽ തെക്കേ പൊയിൽ ശാരദക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. പഴകി ദ്രവിച്ചതും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായതുമായ ഒരു കുടിലിലായിരുന്നു അവിവാഹിതയായ ശാരദ കഴിഞ്ഞിരുന്നത്. നിത്യരോഗിയായിരുന്ന ശാരദയുടെ ദയനീയാവസ്ഥ മനസിലാക്കിയ നാട്ടുകാരും സമീപവാസികളും ശാരദയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. ഹരിദാസൻ ചെയർമാനായും ടി.ടി അസ്‌ക്കർ കൺവീനറായും ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് നിർമ്മാണ പ്രവൃത്തിക്ക് തുടക്കം കുറിക്കുകയായിരുന്നു.
നല്ലവരായ നാട്ടുകാരും ഉദാരമതികളും പ്രവാസികളും സന്നദ്ധ സംഘടനകളും ചേർന്ന് അകമഴിഞ്ഞ സഹായത്തിലൂടെയാണ് ശാരദയുടെ സ്വപ്നവീട് യാഥാർത്ഥ്യമായത്. കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തലശ്ശേരി യൂണിറ്റാണ് വയറിംഗ് സാമഗ്രികളും ഫിറ്റിംഗ്സും പ്രവൃത്തിയും സൗജന്യമായി നൽകിയത്. നാട്ടുകാരായ തൊഴിലാളികൾ നിർമ്മാണ പ്രവൃത്തി സൗജന്യമായി ചെയ്തു നൽകിയിരുന്നു. 'ശാരദാലയം' എന്ന വീടിന്റെ താക്കോൽദാനം ജനകീയ കമ്മിറ്റി ചെയർമാൻ ടി. ഹരിദാസൻ നിർവഹിച്ചു. വാർഡ് അംഗം കെ. സുനിത അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി.ടി അസ്‌ക്കർ സ്വാഗതവും ശാരദ നന്ദിയും പറഞ്ഞു.