കാഞ്ഞങ്ങാട്: കൊവിഡ് കാലത്ത് സ്‌നേഹ സാന്ത്വനത്തിന്റെ കൈത്താങ്ങ് നൽകി വരുന്ന ബേയ്ക് കേരള ഇത്തവണയും സ്‌നേഹ മധുരവുമായി രംഗത്തെത്തി. 25 നുളളിൽ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസ് ഡ്രൈവർന്മാരെയും കൊവിഡ് മൂലം മരണം വരിച്ചവരുടെ ശവസംസ്‌കാരം നടത്തുന്നവരെയും മധുരം നൽകി ആദരിക്കുമെന്ന് ബേയ്കിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ് വ്യക്തമാക്കി. ബേക്കേഴ്സ് അസോസിയേഷനും പൊലീസും, നന്മ ഫൗണ്ടേഷനും ചേർന്നാണ് വ്യത്യസ്തമായ ചടങ്ങ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്.
കൊവിഡ് ഒന്നാംഘട്ടത്തിൽ മുൻനിര പോരാളികളായ ആരോഗ്യ മേഖലയിലെ നഴ്സുമാരെയും ,പിന്നീട് പൊലീസിനേയും ബേക്കേഴ്സ് അസോസിയേഷൻ ആദരിച്ചിരുന്നു. അത് കൂടാതെ 'നൻമ'ഫൗണ്ടേഷനും ബേയ്ക്കും സംയുക്തമായി 'സാദരം' എന്ന പരിപാടിയിലൂടെ ഹോസ്പിറ്റൽ ക്ലീനിംഗ് തൊഴിലാളികളെ മധുരം നൽകി ആദരിക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് 'സാദരം 2' എന്ന പേരോടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഈ രണ്ട് വിഭാഗക്കാരെയും ആദരിക്കാൻ തീരുമാനിച്ചതെന്ന് റോയൽ നൗഷാദ്. പറഞ്ഞു. ഐ.ജി പി. വിജയന്റെ ആശയം ബേയ്ക്കിന്റെ സഹായത്തോടെ പൊലീസും നന്മ ഫൗണ്ടേഷനും ചേർന്ന് സാക്ഷാത്കരിക്കുകയായിരുന്നുവെന്ന് റോയൽ നൗഷാദ് വ്യക്തമാക്കി.