കാസർകോട്: കൊവിഡിന്റെ നിഴൽമാറുമ്പോഴേക്കും പുതിയ ഉയർച്ചയിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ബേക്കൽ ടൂറിസം. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ബി.ആർ.ഡി.സി റിസോർട്ട് സൈറ്റിലെ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമ്മാണം പുനരാരംഭിക്കാൻ തീരുമാനമായി. നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി റിസോർട്ട് നിമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് ബി.ആർ.ഡി.സിയ്ക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ ലീസ് കുടിശ്ശികയും അടച്ചു തീർത്തു.

150 ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോട്ടൽ സമുച്ചയത്തിൽ കൺവെൻഷൻ സെന്ററും സ്പായും ഉൾപ്പെടും. ബേക്കൽ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നൽകിയ മൂന്ന് ഏക്കറിൽ റിസോർട്ടിലെത്തുന്നവർക്ക് പുഴയിലൂടെ ബോട്ടിൽ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ സർക്കാർ ബി.ആർ.ഡി.സി എം.ഡിയുടെ ചുമതല ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനെ ഏൽപിച്ചശേഷം ബി.ആർ.ഡി.സിയിൽ നിന്നും ലീസിനെടുത്ത് നിർമ്മാണം നിലച്ച മലാംകുന്നിലെ ഗ്ലോബ് ലിംക്, ചേറ്റുകുണ്ടിലെ എയർ ട്രാവൽസ് എന്റർപ്രൈസസ്, ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ്പ് എന്നീ കമ്പനികൾ ഏറ്റെടുത്ത റിസോർട്ടുകളുടെ പണി പുനരുജ്ജീവിപ്പിക്കാൻ നടത്തിയശ്രമമാണ് വിജയം കണ്ടത്. 1992 ൽ കേന്ദ്ര സർക്കാർ ബേക്കലിനെ ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാൻ പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചതോടെയാണ് ബേക്കൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

ബേക്കലിൽ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കാനും ലോകോത്തര നിലവാരമുള്ള താമസ സൗകര്യമൊരുക്കാനുമാണ് 1995ൽ സംസ്ഥാന സർക്കാർ ബേക്കൽ റിസോർട്ട് ഡവലപ്‌മെന്റ് കോർപ്പറേഷൻ രൂപീകരിച്ചത്. 235 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഏകദേശം 40 ഏക്കർ വീതം പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂർ എന്നീ നാല് പഞ്ചായത്തുകളിലായി ആറ് കമ്പനികൾക്ക് ലീസിന് നൽകുകയും ചെയ്തു. റിസോർട്ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സർക്കാർ ടൂറിസത്തിനായി നിർമ്മിച്ചത്.

അജാനൂർ പഞ്ചായത്തിലെ കൊളവയൽ റിസോർട്ട് പദ്ധതി മാത്രമാണ് തീരദേശ നിയമം മൂലം ഏറ്റെടുത്ത സംരംഭകൻ ഉപേക്ഷിച്ചത്. മലാംകുന്നിലെ റിസോർട്ട് പദ്ധതി പുനരാരംഭിക്കുന്നതോടെ മറ്റ് റിസോർട്ട് ഏറ്റെടുത്ത കമ്പനികളും പണി പുനരാരംഭിച്ച് റിസോർട്ട് പ്രവർത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. സജിത് ബാബു അറിയിച്ചു.