ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ മാണിപ്പാറ, അമേരിക്കൻപാറ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം. ഞായറാഴ്ച പുലർച്ചെ മാണിപ്പാറയിലെ വട്ടംതൊട്ടിയിൽ നിജേഷിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ അജ്ഞാത വന്യജീവി കടിച്ചു കൊന്നു. സമീപത്തെ പൊന്നമ്മ മംഗലത്തു പുത്തൻപുരയിൽ , റോയി ഒറ്റപ്ലാക്കൽ, ഈഴമാറ്റത്തിൽ ജോസഫ് എന്നിവരുടെ ഓരോ ആടുകളേയും, അമേരിക്കൻ പാറയിലെ എടക്കാട്ട് സോബിന്റെ രണ്ടാടുകളേയും കഴിഞ്ഞ ദിവസങ്ങളിൽ കടിച്ചു കൊന്നു.

ഷിജോ പൊന്നന്താനത്തിന്റെ ഇരുപതോളം മുയലുകളേയും സമീപവീടുകളിലെ കോഴികളേയും വന്യ ജീവികൾ കൊന്നൊടുക്കി. വണത്തണക്കണ്ടി കല്യാണി, പൂതക്കുഴിയിൽ വത്സ എന്നിവരുടെ ആടിനെ മാരകമായ രീതിയിൽ കടിച്ചു മുറിവേൽപ്പിച്ചു. ദിനംപ്രതി അക്രമം കൂടിവന്നതോടെ നാട്ടുകാർ ഭീതിയിലാണ്.
സംഭവസ്ഥലം ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ കെ. ജയചന്ദ്രൻ, എം. രാമദാസൻ എന്നിവർ സന്ദർശിച്ചു. വെറ്ററിനറി സർജൻ ഡോ.എം.പി. ബാബു മൃഗങ്ങളെ പോസ്റ്റ്‌മോർട്ടം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, സെക്രട്ടറി ബാബു ജോസഫ്, വാർഡ് മെമ്പർ സമീറ പള്ളിപ്പാത്ത് , മിനി ഈറ്റശ്ശേരി, മാത്യു ഐസക്ക് എന്നിവരും സ്ഥലങ്ങൾ സന്ദർശിച്ചു.

ജനങ്ങളുടെ ആശങ്ക അകറ്റണം. നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ ചെയ്തു നൽകണം.

ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി

കുറുക്കനോ, കാട്ടുപൂച്ചയോ ഈ വംശത്തിൽപ്പെട്ട ജീവികളോ ആവാം ആക്രമിച്ചത്. കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഫോറസ്റ്റ് അധികൃതർ