കണ്ണൂർ: പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പദ്ധതിയിട്ടെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചത് എറണാകുളത്തെ കോൺഗ്രസ് നേതാവും അബ്കാരിയുമായ കെ.ടി. ജോസഫ് ആണെന്ന് വെളിപ്പെടുത്തൽ. സി.എം.പി നേതാവ് ചൂരായി ചന്ദ്രൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ. സുധാകരൻ പദ്ധതി ഇട്ടിരുന്നുവെന്നും മരിച്ചുപോയ ഒരു മുൻ കോൺഗ്രസ് നേതാവും അബ്കാരിയുമായ ഒരാൾ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ നട്ടെല്ലുണ്ടെങ്കിൽ പറഞ്ഞ ആളുടെ പേര് വെളിപ്പെടുത്തണമെന്ന് സുധാകരൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായ കെ.ടി. ജോസഫാകാമെന്നാണ് ചൂരായി പറയുന്നത്. എന്നാൽ, ചൂരായി ചന്ദ്രന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് കെ.ടി. ജോസഫിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവർ പറഞ്ഞു. വിഷയത്തിൽ ഇടപെട്ട് തത്ക്കാലം ആരുടെയും വെറുപ്പ് സമ്പാദിക്കേണ്ടെന്ന നിലപാടിലാണ് ജോസഫിന്റെ കുടുംബം.
പിണറായിക്കും സുധാകരനുമൊപ്പം ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്നയാളാണ് ചൂരായി ചന്ദ്രൻ. മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ജോസഫിന് സുധാകരനായിട്ടും പിണറായി വിജയനുമായിട്ടും ബന്ധമുണ്ടായിരുന്നു. സുധാകരനെ സാമ്പത്തികമായി സഹായിച്ചിരുന്ന ആളാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി പറഞ്ഞതെന്നും പിണറായി പറഞ്ഞിരുന്നു. എന്നാൽ കെ.ടി.ജോസഫ് സാമ്പത്തികമായി സുധാകരനെ സഹായിച്ചതുപോലെ പിണറായി വിജയനെയും സഹായിച്ചിട്ടുണ്ടെന്ന് ചൂരായി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച സുധാകരൻ എന്തുകൊണ്ട് അന്ന് പരാതി നൽകിയില്ലെന്നും ചോദിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ പദ്ധതി വിവരം അറിഞ്ഞിട്ടും തന്റെ ഭാര്യയോടുപോലും പറയാത്ത പിണറായി വിജയൻ അച്ഛന്റെ സ്ഥാനത്താണോ എന്നും സുധാകരൻ കഴിഞ്ഞ് ദിവസം വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. ചൂരായി ചന്ദ്രന്റെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും എന്നറിയാൻ രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.