nanu
സേവറി നാണു

കണ്ണൂർ: ചോരയ്ക്ക് ചോര, ജീവനു ജീവൻ, കണ്ണിനു കണ്ണ് എന്നതായിരുന്നു പത്തു വർഷം മുമ്പു വരെ കണ്ണൂർ രാഷ്ട്രീയം. രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ വെട്ടിനുറുക്കപ്പെട്ട ജീവിതങ്ങൾ നിരവധി. ചില വെളിപ്പെടുത്തലുകളെ തുടർന്ന് പഴയ കൊലപാതകകേസുകൾ കണ്ണൂരിന്റെ മനസിലേക്ക് വീണ്ടും കയറിവരികയാണ്. സേവറി നാണു, നാൽപ്പാടി വാസു വധക്കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.

ചോറുവിളമ്പുന്നതിനിടെ ചോരക്കളി

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം യോഗശാല റോഡിൽ സി.പി.എം പ്രവർത്തകൻ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് സേവറി ഹോട്ടൽ. 1992 ജൂൺ 13നായിരുന്നു സംഭവം. ഉച്ചയൂണിനെത്തിയവരുടെ തിരക്കായിരുന്നു ഹോട്ടലിൽ. രാജനെ ആക്രമിക്കാനാണ് ഒരു സംഘം എത്തിയത്. അക്രമം നടക്കുമ്പോൾ ഭക്ഷണം വിളമ്പുകയായിരുന്നു വടകര പുറമേരി സ്വദേശി നാണു. ബോംബേറിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. ഊണു കഴിക്കുകയായിരുന്ന ജയകൃഷ്ണൻ എന്ന കോൺഗ്രസുകാരന്റെ കൈപ്പത്തിയും അറ്റുവീണു. എന്നാൽ കേസിൽ തെളിവുകളുടെ അഭാവത്തിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു.

ആക്രമണത്തിന് പിന്നിൽ കെ.സുധാകരനാണെന്ന ആരോപണം അദ്ദേഹത്തിന്റെ മുൻ ഡ്രൈവറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബു ആവർത്തിക്കുന്നു. ചാലാട്ട് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് ഹോട്ടൽ ആക്രമണമെന്നും തൃപ്രയാറിൽ നിന്ന് ക്വട്ടേഷൻ സംഘത്തെ കണ്ണൂർ ഡി.സി.സിയുടെ വാഹനത്തിൽ എത്തിച്ചത് താനാണെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. സി.പി.എമ്മും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.

ആരോപണങ്ങൾ സുധാകരനും കോൺഗ്രസും നിഷേധിച്ചിരുന്നു. എന്നാൽ, സേവറി കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ നാണുവിന്റെ ഭാര്യ ഭാ‌ർഗവി പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയതോടെ കേസ് വീണ്ടും ചൂടുപിടിച്ചേക്കുമെന്നാണ് സൂചന.

നാൽപ്പാടി വാസു

സി.പി.എം ഇടവേലി ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ഇടവേലി യൂണിറ്റ് പ്രസിഡന്റുമായ നാൽപ്പാടി വാസു 1993 മാർച്ച് നാലിനാണ് മട്ടന്നൂരിനടുത്ത പുലിയങ്ങോട്ട് വെടിയേറ്റ് മരിച്ചത്. കെ. സുധാകരന്റ നേൃത്വത്തിൽ നടന്ന മാർക്സിസ്റ്റ് അക്രമ വിരുദ്ധജാഥ പുലിയങ്ങോട്ടിലൂടെ കടന്നുപോകുമ്പോഴാണ് വെടിയേൽക്കുന്നത്. കടവരാന്തയിൽ ഇരുന്ന വാസുവിനെ സുധാകരൻ വെടിവച്ചെന്നായിരുന്നു സി.പി.എം ആരോപണം.

എന്നാൽ, ജാഥയ്ക്കെതിരെ അക്രമം നടത്തിയ വാസുവിനുനേരെ ഗത്യന്തരമില്ലാതെ സുധാകരന്റെ ഗൺമാൻ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സുധാകരന്റെയും കോൺഗ്രസിന്റെയും അന്നത്തെ പ്രതികരണം. കേസിൽ പ്രതിചേർക്കപ്പെട്ട കെ. സുധാകരൻ ഉൾപ്പെടെ 12 പ്രതികളെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി സെഷൻസ് കോടതി വെറുതെ വിട്ടു.