ചെറുവത്തൂർ: വ്യക്തികളുടെ ഫോട്ടോകളും മറ്റും ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചുള്ള തട്ടിപ്പ് വ്യാപകം. സൗഹൃദത്തിനായുള്ള അഭ്യർത്ഥനയോടെയാണ് തുടക്കം. പിന്നാലെ മെസഞ്ചറിൽ പണം ആവശ്യപ്പെട്ടുള്ള മെസേജ് വരും. പലർക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പിലിക്കോട് സ്വദേശിയും അദ്ധ്യാപകനുമായ വിനയൻ പിലിക്കോടിന്റെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി നിരവധി പേർക്ക് മെസഞ്ചറിൽ പണം അയക്കാനുള്ള അഭ്യർത്ഥന നടത്തിയ സംഭവം ഈയിടെയാണ് ഉണ്ടായത്. പിലിക്കോട്ടെ തന്നെ ഒരു പൊലീസുകാരന്റെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിനുള്ള ശ്രമം നടന്നു. മെസഞ്ചറിലൂടെയാണ് പണം ആവശ്യപ്പെട്ടത്.
ഫേസ് ബുക്കിലെ പ്രൊഫൈൽ പിക്ച്ചറാണ് വ്യാജ അക്കൗണ്ടിനും ഉപയോഗിച്ചത്. അത്യാവശ്യമായി 8000 രൂപ ആവശ്യമുണ്ടെന്നും അടുത്ത ദിനം തന്നെ തിരികെ തരാമെന്നുമാണ് മെസഞ്ചറിലൂടെ അറിയിച്ചത്. സംശയം തോന്നിയ ചിലർ വിവരം അറിയിച്ചപ്പോഴാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് വ്യാപകമായി പണം ആവശ്യപ്പെടുന്നതായി വിനയൻ പിലിക്കോട് അറിഞ്ഞത്.
ഗൂഗിൾ പേ അക്കൗണ്ട് നമ്പറായി നൽകിയ ഫോൺ നമ്പറിൽ മഞ്ജുനാഥ ഗൗഡ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടൻ തന്നെെ ഇദ്ദേഹം സൈബർ സെല്ലിൽ പരാതി നൽകി. മാസങ്ങൾക്ക് മുമ്പ് തൃക്കരിപ്പൂരിലെ ഒരു മാദ്ധ്യമപ്രവർത്തകനും ഈ അനുഭവമുണ്ടായിരുന്നു. സ്വന്തം ഫോട്ടോവിന്റെ കൂടെ മനു ശർമ്മ എന്ന പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയതായി കണ്ടത് സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞതിനനുസരിച്ച് പരിശോധിച്ചപ്പോഴാണ് വ്യാജനെ കണ്ടെത്തിയത്. തുടർന്ന് ചന്തേര പൊലീസിൽ പരാതി നൽകുകയും, സൈബർ സെല്ലിന് കൈമാറുകയും ചെയ്തിരുന്നു.