നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗന്ദര്യവത്ക്കരിച്ച നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് 23ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.സി. ഹരികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത മുഖ്യാതിഥിയാകും. പദ്ധതിയുടെ ഭാഗമായി പാർക്കിംഗ് സൗകര്യങ്ങളുടെ വിപുലീകരണം, പൂന്തോട്ട നിർമാണം, ഇന്റർലോക്ക് പാകൽ എന്നിവ പൂർത്തീകരിച്ചു. 25 ലക്ഷം രൂപ ചെലവുവന്ന പദ്ധതിയിൽ 20 ലക്ഷം രൂപയും റോട്ടറി അംഗങ്ങളിൽ നിന്നാണ് സ്വരൂപിച്ചത്. റോട്ടറിയുടെ പ്രവർത്തനത്തിന് പിൻതുണയായി എൻ.എസ്.സി. ബാങ്ക് ഉൾപ്പെടെ വ്യക്തികളും സംഘടനകളും വലിയ പിൻതുണ നൽകിയെന്നും പത്രസമ്മേളനത്തിൽ പദ്ധതിയുടെ ചെയർമാൻ അഡ്വ. കെ.കെ. നാരായണൻ പറഞ്ഞു. റോട്ടറി പ്രസിഡന്റ് പി.വി. സുജിത്ത് കുമാർ, ടി.വി. വിജയൻ, പി. രാധാകൃഷ്ണൻ നായർ, പി.ഇ. ഷാജിത്, സി. രാജീവൻ എന്നിവർ സംസാരിച്ചു.