തളിപ്പറമ്പ്: സ്വകാര്യ ബസുകളുടെ ഓട്ടം ഒറ്ര -ഇരട്ട സംഖ്യയിൽ പരിമിതപ്പെടുത്തിയത് മലയോര മേഖലയിലെ യാത്രക്കാർക്ക് തിരിച്ചടിയായി. ലോക്ക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളിലാണ് സ്വകാര്യ ബസുകൾ ഒരു ദിവസം ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന ബസുകൾക്കും അടുത്ത ദിവസം ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന ബസുകൾക്കും സർവീസ് അനുമതി നല്കിയത്.
എന്നാൽ മലയോര മേഖലയിലെ പല മേഖലകളിലേക്കും പരിമിതമായ സർവീസുകൾ മാത്രമാണുള്ളത്. ഉദയഗിരി, മണക്കടവ് മേഖലകളിലേക്കൊക്കെ ഒന്നോ രണ്ടോ ബസുകളാണ് ആകെ ഓടുന്നത്. ഇതിൽ ഒരു ബസ് ഓടിയാൽ പിറ്റേദിവസം ഓടാനാവാസ്ഥ സ്ഥിതിയാണ്.
അതിരാവിലെ കൂലി പണിക്ക് പോകുന്ന സാധാരണക്കാരാണ് ഇതോടെ പെരുവഴിയിലായത്. ബസിന്റെ സമയം കണക്കാക്കി സ്റ്റോപ്പിലെത്തിയാൽ ബസില്ലെന്ന് കണ്ട് മടങ്ങേണ്ട സ്ഥിതിയാണ്. ലോക്ക് ഡൗണിന് ശേഷം ജോലി എന്തെങ്കിലും കിട്ടുമോയെന്നറിയാൻ ഇറങ്ങിയാൽ നിരാശരായി മടങ്ങേണ്ടുന്ന സ്ഥിതി തങ്ങളെ പട്ടിണിയിൽ തന്നെ ഇരുത്തുമെന്ന് ഇവർ പറയുന്നു.