art

നീലേശ്വരം: കലാപരമായ കഴിവുകൾ കൊണ്ട് വിസ്‌മയം തീർക്കുന്ന കൊച്ചുമിടുക്കിയുണ്ട് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ. കുഞ്ഞുപ്രായത്തിൽ തന്നെ കലാപരമായ കഴിവുകൾ ഒട്ടേറെ സ്വായത്തമാക്കിയ പാർവതിയെന്ന 11 കാരിയാണ് ഏവരെയും അത്ഭുതപ്പെടുന്നത്. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാംതരം വിദ്യാർത്ഥിയായ പാർവ്വതി ആരോഗ്യവകുപ്പിന്റെ ജില്ലാ വാക്സിൻ സ്റ്റോറിലെ സ്റ്റോർ കീപ്പർ പി. രാജേഷ് കുമാറിന്റെയും വി. റീജയുടെയും മകളാണ്.

കൊവിഡ് ആദ്യഘട്ട ലോക്ക് ഡൗണിൽ കളർ പേപ്പർ ഉപയോഗിച്ച് പൂക്കളും ശലഭങ്ങളും മരങ്ങളും പക്ഷികളും അടക്കമുള്ള ഏവരെയും ആകർഷിക്കുന്ന രൂപങ്ങൾ നിർമ്മിച്ചിരുന്നു ഈ കുഞ്ഞുകലാകാരി. കളർ പേപ്പറിന്റെ ഭംഗി അധികകാലം നീണ്ടുനിൽക്കില്ലെന്ന് മനസിലാക്കിയ പാർവ്വതി, വലിച്ചെറിയുന്ന കുപ്പികളിൽ നിറക്കൂട്ടുകൾ ചാലിച്ചു കൊണ്ട് വർണ്ണങ്ങളുടെ മേളം ഉണ്ടാക്കി തന്റെ കരവിരുത് പ്രകടിപ്പിക്കാൻ തുടങ്ങി. ഇതിനായി വഴിയോരങ്ങളിൽ നിന്നും കുപ്പികൾ സംഘടിപ്പിച്ചു. കുപ്പികളിൽ മനോഹരമായ ചിത്രങ്ങൾ പാർവ്വതി വരച്ചു. ഒരുതവണ കണ്ടുകഴിഞ്ഞാൽ അതേപോലെ പകർത്തുന്ന പാർവ്വതിയുടെ കഴിവുകൾ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.

വർണ്ണങ്ങൾ നിറച്ച എൺപതോളം കുപ്പികളുടെ ശേഖരം ഇപ്പോൾ പാർവ്വതിയുടെ വീട്ടിലുണ്ട്. അറുപതില്പരം മറ്റു കരവിരുതുകളും ഒരുക്കിവെച്ചിരിക്കുന്നു. ചിത്രങ്ങൾ സഹിതം കുപ്പികളിൽ വരച്ചുകൊടുക്കുന്നതിനാൽ പിറന്നാൾ സമ്മാനം കൊടുക്കാൻ ഈ മിടുക്കിയുടെ കരവിരുത് തേടി സഹപാഠികൾ വരെ എത്തുകയാണ്. ഇതിനിടയിൽ യുട്യൂബ് ചാനൽ തുടങ്ങാനുള്ള ആലോചനയും പാർവ്വതി നടത്തി. 'പാറൂസ് ക്രിയേഷൻസ് ' എന്ന പേരിൽ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങി അതിലൂടെ തന്റെ കരവിരുത് പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് കുഞ്ഞുതാരം. കുപ്പികൾ മനോഹരമാക്കുമ്പോൾ തന്നെ കുടുംബാംഗങ്ങളുടെ ജന്മദിനത്തിന് സ്വാദിഷ്ടമായ കേക്കുകളും പാർവ്വതി ഉണ്ടാക്കുന്നുണ്ട്. ജന്മദിന പരിപാടികൾക്ക് വീട്ടുകാരെല്ലാം കേക്കിന് ഓർഡർ പർവ്വതിക്കാണ് കൊടുക്കുന്നത്. പാർവ്വതിയുടെ കേക്കിന് മധുരവും സ്വാദും കൂടുതലാണെന്ന് എല്ലാവരും പറയും. ലക്ഷ്മി, ഗായത്രി എന്നിവർ സഹോദരങ്ങളാണ്.