art
പടങ്ങൾ 1.പാർവ്വതി കുപ്പികളിൽ വർണ്ണങ്ങൾ ചലിക്കുന്നു 2.പാർവ്വതി നിർമ്മിച്ച കേക്ക് 3.പാർവ്വതി

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവിലെ 'പാറൂസി'ൽ വർണങ്ങൾ നിറയുകയാണ്. 11കാരിയായ പാർവതിയുടെ മിടുക്കിൽ എൺപതോളം കുപ്പികളിലും അറുപതോളം മറ്റ് കരകൗശലവസ്തുക്കളിലും പകർത്തിയ വർണപ്രപഞ്ചം കാണുന്നവർ കൈയടിക്കുമെന്നുറപ്പ്. പിറന്നാൾ സമ്മാനം ആവശ്യമുള്ള കൂട്ടുകാർ ഈ ആറാംക്ളാസുകാരിയുടെ സഹായം തേടിവരികയാണിപ്പോൾ.

കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ പാർവ്വതി ജില്ലാ വാക്സിൻ സ്റ്റോറിലെ സ്റ്റോർകീപ്പർ പി.രാജേഷ് കുമാറിന്റെയും വി. റീജയുടെയും മകളാണ്. ആദ്യഘട്ട ലോക്ക്ഡൗണിൽ കളർ പേപ്പർ ഉപയോഗിച്ച് പൂക്കളും ശലഭങ്ങളും മരങ്ങളും പക്ഷികളും അടക്കമുള്ള രൂപങ്ങൾ നിർമ്മിച്ച് പ്രശംസ നേടിയിരുന്നു ഈ കുഞ്ഞുകലാകാരി. കളർ പേപ്പർ അധികകാലം നിൽക്കില്ലെന്ന് മനസിലാക്കിയ പാർവ്വതി കുപ്പികളിൽ വർണ്ണങ്ങളുടെ മേളമൊരുക്കുകയായിരുന്നു. ഇതിനായി വഴിയോരങ്ങളിൽ നിന്നും കുപ്പികൾ സംഘടിപ്പിച്ചു. ഒറ്റതവണ കണ്ടാൽ അതു പകർത്തുന്ന പാർവ്വതിയുടെ കഴിവുകൾ ആരെയും അമ്പരപ്പിക്കും.

'പാറൂസ് ക്രിയേഷൻസ് ' എന്ന പേരിൽ സ്വന്തമായി തുടങ്ങിയ യുട്യൂബ് ചാനലിലൂടെ തന്റെ കരവിരുത് പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് കുഞ്ഞുതാരം. കുടുംബാംഗങ്ങളുടെ ജന്മദിനത്തിന് സ്വാദിഷ്ടമായ കേക്കുകളും പാർവ്വതി ഉണ്ടാക്കുന്നുണ്ട്. ജന്മദിന പരിപാടികൾക്ക് വീട്ടുകാരെല്ലാം കേക്കിന് ഓർഡർ പാർവ്വതിക്കാണ് കൊടുക്കുന്നത്. ലക്ഷ്മി, ഗായത്രി എന്നിവർ സഹോദരങ്ങളാണ്.

അച്ഛനും അമ്മയ്ക്കും കലാപരമായ ഒരു കഴിവുമില്ല, ജന്മസിദ്ധമായ ഈ കഴിവുകൾ മോൾ എങ്ങിനെ സ്വായത്തമാക്കി എന്നത് അത്ഭുതപ്പെടുത്തുകയാണ്. പഠനത്തിലും അവൾ മിടുക്കിയാണ്.

പി. രാജേഷ് കുമാർ (പാർവ്വതിയുടെ അച്ഛൻ)