പേരാവൂർ: നിടുംപൊയിൽ ഇരുപത്തിയെട്ടാംമൈലിൽ അരി കയറ്റി വരികയായിരുന്ന ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറിയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൈസൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് അരി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ലോറി ഉടമയും ലോറി ഡ്രൈവറുമായ ആനന്ദ് കുമാർ, ക്ലീനർ രാജു എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ടയറിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ സംഭവം ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇത് അവഗണിച്ചു കൊണ്ടാണ് ഡ്രൈവർ ലോറിയുമായി മൂന്നാട്ടുപോയതെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.