കണ്ണൂർ: പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ചില അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കെ.വി സുമേഷ് എം.എൽ.എ. പ്രശ്നപരിഹാരത്തിനായുള്ള താൽക്കാലിക നടപടികളും ദീർഘകാല പദ്ധതികളും ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ചു ചേർത്ത അടിയന്തര യോഗം ചർച്ച ചെയ്തു.
ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ പുതിയതെരുവിലെ ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ വിശദമായി വിലയിരുത്തി. പുതിയതെരു ഭാഗത്തെ റോഡിന്റെ വീതി കുറവ്, ചിതറിയോടുന്ന വാഹനങ്ങൾ, ട്രാഫിക് നിയമ ലംഘനങ്ങൾ, അനധികൃത പാർക്കിംഗ്, വാഹനങ്ങളുടെ പെരുപ്പം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയിൽ സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് ഉൾപ്പെടെയുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കാൻ ദീർഘകാ ല പരിഹാരമായി യോഗത്തിൽ എം.എൽ.എ നിർദ്ദേശം നൽകി. പഴയങ്ങാടി -തളിപ്പറമ്പ് റോഡുകൾ ചേരുന്ന ജംഗ്ഷന്റെ വീതി കൂട്ടി അവിടെ ട്രാഫിക് അയലന്റ് സ്ഥാപിക്കുന്നതിനും പുതിയതെരു ജംഗ്ഷനിൽ ട്രാഫിക് സർക്കിൾ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് അനിൽകുമാർ, കണ്ണൂർ അസിസ്റ്റന്റ് പൊലിസ് കമ്മീഷണർ പി. ബാലകൃഷ്ണൻ, ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, സിറ്റി റോഡ് കോഓർഡിനേറ്റർ ഇ. ദേവേശൻ, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി പ്രശാന്ത്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയ്‌ലേരിയൻ തുടങ്ങിയവർ പങ്കെടുത്തു.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ
പാപ്പിനിശ്ശേരി ക്രിസ്ത്യൻ പള്ളി മുതൽ വളപട്ടണം വരെ സിംഗിൾ ലൈൻ ഡിവിഷൻ ചെയ്യും
മയ്യിൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്ത് നിന്ന് കുറച്ചുകൂടി താഴേക്ക് മാറ്റും
അനധികൃത പാർക്കിംഗ് പൂർണമായി ഒഴിവാക്കും
കളരിവാതുക്കൽ റോഡ് വൺവേ ആക്കും
സ്റ്റയിലോ കോർണറിൽ നിലവിലുള്ള സിംഗിൾ ലൈൻ ഡിവിഷൻ കുറച്ചുകൂടി മുന്നോട്ട് നീട്ടും
കർശനമായ പൊലീസിംഗ് ഏർപ്പെടുത്തും
ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുമരാമത്ത്, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരും. പ്രശ്നപരിഹാര ചർച്ചകൾ തുടരും.
കെ.വി സുമേഷ് എം.എൽ.എ