നീലേശ്വരം : വിപണിയിലെ വിലയിടിവുമൂലം കാസർകോടിന്റെ വാഴത്തോട്ടമെന്ന് വിശേഷിപ്പിക്കുന്ന മടിക്കൈയിലെ നേന്ത്രവാഴ കർഷകർ വൻ പ്രതിസന്ധിയിൽ. കൊവിഡ് ഭീഷണിയെ അതിജീവിച്ച് കൃഷിയിറക്കിയ കർഷകർ ലക്ഷങ്ങളുടെ കടിക്കെണിയിലായി. വിലയിടിവിന് പുറമെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിൽ ആയിരക്കണക്കിന് വാഴകൾ നശിച്ചു. സീസൺ സമയമായിട്ടും ലഭിക്കുന്നത് കിലോയ്ക്ക് 28 മുതൽ 30 രൂപവരെപൊതുവിപണി യിൽ. സംസ്ഥാന ഹോട്ടികോർപ് കർഷകരിൽ നിന്നും കിലോയ്ക്ക് 30 രൂൂപയും 5 രൂപ വണ്ടി വാടക അടക്കം 35 രൂപയാണ് നൽകുന്നത്. എന്നാൽ സാധാരണക്കാർ 50 രൂപ മുതൽ 60 രൂപ വരെയാണ് കടകളിൽ കൊടുക്കേണ്ടിവരുന്നത്.
മുൻ കാലങ്ങളിൽ 40 മുതൽ അമ്പതു രൂപവരെ വിലകിട്ടിയിരുന്നിടത്താണ് ഈ വിലയിടിവ്. ഈ വർഷം ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ടതുകൊണ്ട് മടിക്കൈ അമ്പലത്തറയിൽ പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രത്തിൽ നിന്നും 11 ടൺ പഴം സംസ്ഥാന ഹോട്ടികോർപ് എടുക്കുവാൻ മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പെരുങ്കകളിയാട്ടം പോലുള്ള ആഘോഷങ്ങൾ ഇല്ലാത്തതും വിവാഹങ്ങളിൽ ആൾക്കാരെ പങ്കെടുപ്പിക്കാൻ പറ്റാത്തതതും നേന്ത്രവാഴ കർഷകർക്ക് വിനയായി. കച്ചവടക്കാർ കൊള്ളലാഭം കൊയ്യുമ്പോഴും അതിന്റെ ഓഹരി കർഷകർക്ക് നൽകാൻ തയ്യാറാവുന്നില്ല. മേയ് മുതൽ ആഗസ്ത് വരെയാണ് നേന്ത്രകുലയുടെ വിളവെടുപ്പ് കാലം. ഓണക്കാലത്ത് കരവാഴകളും വിളവെ ടുക്കുന്നതോടെയാണ് സീസൺ അവസാനിക്കുന്നത്
സീസൺ കാലത്ത് ലഭിക്കുന്ന വരുമാനമായിരുന്നു അടുത്ത ഒരുവർഷത്തേക്കുള്ള കർഷക രുടെ സമ്പാദ്യം. നേരത്തെ മുംബൈ, ഡൽഹി, മംഗലാപുരം,കണ്ണൂർ, കാസർകോട്, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മടിക്കെയിൽ നിന്നും നേന്ത്രക്കായ കൊണ്ടു പോയിരുന്നത്. കയറ്റുമതിയില്ലാത്തതും ലോക്ക് ഡൗണുമാണ് കർഷകർക്ക് തിരിച്ചടിയായത്.
വേനൽമഴയുടെ ഇരുട്ടടിയും
വേനൽ മഴയും കാറ്റും കർഷകർക്ക് മറ്റൊരു ദുരിതമായി. ആയിരക്കണക്കിന് കുലച്ച വാഴയുൾപ്പെടെയാണ് ഇപ്രാവശ്യം നശിച്ചത്. നേ|ന്ത്രകുലക്ക് വിപണി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നൂറുകണക്കിന് കർഷകർ പ്രതി സന്ധിയിലാകും.
കഴിഞ്ഞവർഷം 2000 നേന്ത്രവാഴ കൃഷി ചെയ്തിരുന്നു. 1500 എണ്ണം കാറ്റിൽ നശിച്ചു.4 ലക്ഷം രൂപ ചിലവായിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ആനുകൂല്യവും ഇത് വരെ കിട്ടിയിട്ടില്ല. ലാഭം ഇടനിലക്കാർക്ക് മാത്രമാണ്. അത് കൊണ്ട് ഈ വർഷം കൃഷി ചെയ്തില്ല- പ്രവീൺ ,മടിക്കൈ പുളിക്കാലിലെ നേന്തവാഴ കർഷകൻ