mogral-

കാസർകോട്: മൊഗ്രാലിൽ കടൽക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാൻ റിസോർട്ടിന്റെ ചുറ്റുമതിലും കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകൾക്കും വലിയ ഭീഷണിയാണ്. ഒരുമാസം മുമ്പ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ശക്തമായ മഴയിലും, കടൽക്ഷോഭത്തിലും മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോൾ വീണ്ടും ഉണ്ടായിട്ടുള്ള കടലേറ്റം തീരദേശവാസികളെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. മൊഗ്രാൽ ബീച്ചിന് സമീപകാലത്ത് പ്രദേശവാസികൾ പുതിയ മുഖം നൽകിയും, വിനോദസഞ്ചാരികളെ ആകർഷിക്കാൻ തീരദേശത്ത് ഉണർവ്വ് പകരുകയും ചെയ്തിരുന്നു. ഇതിനായി സ്ഥാപിച്ച പാർക്കുകളും, ടെന്റുകളും , പെട്ടിക്കടകളും കഴിഞ്ഞ മാസത്തെ കടൽക്ഷോഭത്തിൽ പൂർണമായും കടലെടുത്തിരുന്നു. കൊവിഡ് വ്യാപനത്തിൽ തൊഴിൽ നഷ്ടപ്പെട്ട യുവാക്കളായിരുന്നു മൊഗ്രാൽ ബീച്ചിൽ ടൂറിസം വികസനത്തിന് തുടക്കമിട്ടത്. ഇതിന് വിനോദ സഞ്ചാരികളിൽ നിന്നും മികച്ച പ്രതികരണവും ഉണ്ടായി. ടൂറിസം പദ്ധതി സർക്കാറിന്റെ പരിഗണനയിലുമായിരുന്നു. ആർത്തിയിരമ്പിയെത്തിയ കടൽ നാടിന്റെ സ്വപ്നവും, യുവാക്കളുടെ പ്രതീക്ഷയും തകർക്കുകയായിരുന്നു. വലിയ തോതിലുള്ള നഷ്ടമാണ് ഇതുവഴി യുവാക്കൾക്ക് ഉണ്ടായത്. അതിനിടയിലാണ് ഇപ്പോൾ വീണ്ടും കടൽക്ഷോഭം ഉണ്ടായിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇതു അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നും സന്ദർശനവും ഫോട്ടോയെടുപ്പും മാത്രമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.