കാസർകോട്: വെസ്റ്റ് എളേരി, കയ്യൂർ- ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയിൽ നിർമ്മിച്ച പാലം ഇന്ന് വൈകീട്ട് മൂന്നിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 9.90 കോടി ചെലവിലാണ് പാലം നിർമ്മിച്ചത്. 25.32 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമായി നാല് സ്പാനോടുകൂടിയാണ് പാലം.
പാലത്തിനോടൊപ്പം സംരക്ഷണ ഭിത്തികളും പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും അനുബന്ധ റോഡുകളും പൂർത്തീകരിച്ചിട്ടുണ്ട്.1958 ലെ ചന്ദ്രഭാനു കമ്മീഷൻ റിപ്പോർട്ടാണ് തേജസ്വിനിപ്പുഴക്ക് കുറുകെ പെരുമ്പട്ടയിൽ പാലം വേണമെന്ന് ആദ്യം ശുപാർശ ചെയ്തത്. നാലാം പഞ്ചവത്സര പദ്ധതിയിലും പാലത്തിനായി ശുപാർശയുണ്ടായിരുന്നു. മലയോരത്തെ വെസ്റ്റ് എളേരി പഞ്ചായത്തിനെയും കയ്യൂർ -ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതായിരുന്നു ആശയമെങ്കിലും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാർത്ഥ്യമായത്.

എം.രാജഗോപാലൻ എം.എൽ.എയുടെയും, ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെയും ശക്തമായ ഇടപെടലുകളോടെയാണ് സ്ഥലമേറ്റെടുക്കുന്നതുൾപ്പെടെയുള്ള തടസങ്ങൾ നീക്കിക്കൊണ്ട് 2018 ഡിസംബറിലാണ് നിർമ്മാണ പ്രവൃത്തി തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും.