കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്തിൽ ഒരാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി. പതിനഞ്ചിൽ താഴെ ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 മുകളിൽ എത്തിചേർന്ന സാഹചര്യത്തിലാണ് കർശനനിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത് തല കർമ്മസമിതി തീരുമാനിച്ചത്.

രോഗവ്യാപനം കുറച്ച് കൊണ്ട് വരുന്നതിന്റെ ഭാഗായി പഞ്ചായത്ത് പരിധിയിലെ പൊതുപരിപാടികളിലും വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികളും നടത്തുമ്പോൾ ജാഗ്രത പോർട്ടലിൻ രജിസ്റ്റർ ചെയ്യുന്നതിന് പുറമെ പഞ്ചായത്തിൽ നിന്നും പൊലീസിന്റെ അനുമതി വാങ്ങണം.

വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റ് ജോലികൾക്ക് പോകുന്നവരും നിർബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാവണം. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചു. ഓഡിറ്റോറിയം മറ്റ് ഹാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 20 പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളു.

തീവ്ര വ്യാപനം നിയന്ത്രിക്കാൻ സംയുക്ത പരിശോധനയും നടത്തും. ഓരോ ദിവസവും 250 ആളുകൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും ടെസ്റ്റിന് വിധേയരാവണം. സി കാറ്റഗറിയിൽ ആയതിനാൽ അവശ്യ വസ്തുകൾ വിൽപന നടത്തുന്ന കടകൾ മാത്രമേ എല്ലാ ദിവസവും തുറക്കാൻ പാടുള്ളൂ. മറ്റ് കടകൾ സർക്കാർ നിർദ്ദേശമനുസരിച്ച് വെള്ളിയാഴ്ചകളിൽ മാത്രം തുറക്കാം.