കാഞ്ഞങ്ങാട്: പെരിയയിൽ സൂപ്പർമാർക്കറ്റിൽ മോഷണം. മറ്റു രണ്ടു സ്ഥാപനങ്ങളിൽ മോഷണ ശ്രമവും അരങ്ങേറി. പെരിയ കല്യോട്ട് റോഡിലെ ലുലു മാർട്ട് സൂപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. എ.എ. മെഡിക്കൽസ്, നീതി മെഡിക്കൽസ് എന്നിവിടങ്ങളിലാണ് മോഷണശ്രമം. ലുലു മാർക്കറ്റിൽ നിന്ന് ആയിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. കടയുടെ മൂന്ന് പൂട്ടുകൾ തകർത്താണ് അകത്തു കയറിയത്.
രണ്ടുപേരാണ് മോഷണത്തിനെത്തിയതെന്ന് വ്യക്തമായി. പുലർച്ചെ 1.40ഓടെയാണ് സംഭവം. കടയുടെ സമീപത്തെ ജുവലറിയുടെ സിസി ടിവിയിൽ ഇവരുടെ വ്യക്തമായ ദൃശ്യം പറഞ്ഞിട്ടുണ്ട്. മുഖം വെള്ളത്തുണികൊണ്ട് മറച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കോട്ടും ധരിച്ചിരുന്നു. സിസിടിവി കാമറ ചാക്കുകൊണ്ട് മറയ്ക്കുന്ന ദൃശ്യവും തെളിഞ്ഞിട്ടുണ്ട്. കുണിയയിലെ റാഷിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർ മാർക്കറ്റ്.