തലശ്ശേരി: കവർച്ചാ കേസ് പ്രതിയുടെ എ.ടി.എം കാർഡ് കൈക്കലാക്കി അര ലക്ഷത്തോളം രൂപ അടിച്ചുമാറ്റിയെന്ന കേസിൽ പൊലീസുകാരന്റെ മുൻകൂർ ജാമ്യഹരജി കോടതി തള്ളി.
തളിപ്പറമ്പ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന എൻ.ശ്രീകാന്തിനാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ.സുജാത മുൻകൂർ ജാമ്യം നിഷേധിച്ചത് .
പൊലീസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട് ശ്രീകാന്ത് ഒളിവിലിരിക്കെയാണ് ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജിക്കാരൻ ഉൾപെട്ട പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയ കവർച്ചാ കേസിലെ പ്രതി തളിപ്പറമ്പ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ടി.ഗോകുലിന്റെ പണമാണ് ഇയാളുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആസൂത്രിതമായി പിൻവലിക്കപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച സന്ദേശം സഹോദരിക്ക് ലഭിച്ചതോടെയാണ് ഇവർ പരാതിയുമായി പൊലീസിലെത്തിയത് .
കഴിഞ്ഞ ഏപ്രിൽ ഒന്നിന്, താഴെ ബക്കളത്തെ സ്‌നേഹ ബാറിന് മുൻവശം നിർത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ് കുമാറിന്റെ കാറിൽ നിന്നും ഗോകുൽ എ.ടി.എം.കാർഡും രണ്ടായിരം രൂപയും മോഷ്ടിച്ചിരുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത ഗോകുൽ മോഷ്ടിച്ചു കിട്ടുന്ന പണമെല്ലാം സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കാറുള്ളതത്രെ . അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് സൂത്രത്തിൽ പിൻ നമ്പർ കൈക്കലാക്കിയെന്നും ഈ കാർഡ് ഉപയോഗിച്ച് ഒന്നിലേറെ തവണകളായി എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുകയായിരുന്നുവെന്നാണ് പരാതി.