k-surendran

കണ്ണൂർ: ജെ.ആർ.പി നേതാവ് സി.കെ. ജാനുവിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്ത്. ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും കെ. സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ മറ്റൊരു ഭാഗമാണ് പുറത്തുവന്നത്. ജെ.ആർ.പിക്ക് പണം നൽകിയത് ആർ.എസ്.എസിന്റെ അറിവോടെയാണെന്നാണ് സുരേന്ദ്രൻ ഈ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

പണം ഏർപ്പാട് ചെയ്തത് ആർ.എസ്.എസ് ഓർഗനൈസിംഗ് സെക്രട്ടറി എം. ഗണേഷാണെന്നും സുരേന്ദ്രൻ പറയുന്നുണ്ട്. ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചുവിളിച്ചില്ലേ എന്ന് ചോദ്യത്തോടെ തുടങ്ങുന്ന ശബ്ദരേഖയാണ് പ്രസീത ഇപ്പോൾ പുറത്തുവിട്ടത്.

മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.

തുണി സഞ്ചിയിൽ പൂജാ സാധനങ്ങളെന്ന വ്യാജേന ആയിരുന്നു പണം കൊണ്ടുവന്നത്. അതിൽ മുകളിൽ ചെറിയ പഴങ്ങളും മറ്റുമുണ്ടായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാർത്ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ സി.കെ. ജാനു വന്നത് സഞ്ചി വാങ്ങുകയായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി.

സി.കെ. ജാനുവിന് സുരേന്ദ്രൻ നേരത്തെ 10 ലക്ഷം നൽകിയതായി പ്രസീത വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി 25 ലക്ഷം രൂപകൂടി നൽകിയെന്ന ആരോപണം പ്രസീത ഉയർത്തിയത്. ഇത് സംബന്ധിച്ച തെളിവുകൾ പ്രസീത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ജാനുവിന് 25 ലക്ഷം കൊടുക്കാൻ ബി.ജെ.പി.യുടെ സംഘടനാ സെക്രട്ടറി എം. ഗണേഷിനോട് പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതായി പറയപ്പെടുന്ന ശബ്ദരേഖയാണ് ഇതിൽ പ്രധാനം. എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ ജാനുവിന് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പ്രസീതയുടെ അഴീക്കോട്ടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

ആർ.എസ്.എസ്സിന്

ബന്ധമില്ല : അഡ്വ. ബലറാം

വിവാദത്തിൽ സംഘടനയ്ക്ക് ബന്ധമില്ലെന്ന് ആർ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബലറാം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. സംഘത്തിൽ നിന്ന് ഒരാളെ ബി.ജെ.പിയിലേക്ക് വിട്ടുകൊടുത്താൽ പിന്നെ ആയാൾ പാർട്ടിയുടെ ഭാഗമാണ്. മാത്രമല്ല, പണപിരിവുമായോ പിരിച്ച പണം ചെലവാക്കുന്നതിലോ സംഘം ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭാഷണം ഇങ്ങനെ:

ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചുവിളിച്ചില്ലേ. ഞാൻ ഇന്നലെത്തന്നെ അത് വിളിച്ച് ഏർപ്പാടാക്കിയിരുന്നു. എങ്ങനെയാണ്, എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് വാങ്ങിക്കുന്നത് എന്ന് ചോദിക്കാൻ വേണ്ടിയായിരിക്കും അദ്ദേഹം വിളിച്ചിട്ടുണ്ടാകുക. 25 തരാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്. അത് മനസിലായല്ലോ. നിങ്ങളുടെ പാർട്ടിയുടെ ആവശ്യത്തിനുവേണ്ടി 25 തരാൻ ഗണേഷ്ജിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അതു തരും. ബാക്കികാര്യങ്ങൾ അവിടത്തെ മണ്ഡലം പാർട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാർട്ടിക്കാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുക. സി.കെ. ജാനുവിനോട് തിരിച്ചുവിളിക്കാൻ പറയൂ. ഗണേഷ്ജി ആരാണെന്ന് അവർക്ക് മനസിലായില്ലേ. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയാണ് അദ്ദേഹം...