കണ്ണൂർ:സി.കെ. ജാനുവിന് പത്തു ലക്ഷത്തിനു പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും എത്ര പണം ചോദിച്ചാലും തരാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തി.
ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജാനുവിന്റെ പേരിൽ വഴിപാട് കഴിച്ച സാധനങ്ങളെന്ന പേരിൽ ഒരു തുണിസഞ്ചിയിലാണ് ഈ പണം എത്തിച്ചതെന്നും പ്രസീത വെളിപ്പെടുത്തി. പണം എത്ര വേണമെങ്കിലും തരാമെന്നും എത്രയാണ് വേണ്ടതെന്ന് നിങ്ങൾ പറഞ്ഞോളൂവെന്നും ബി. ജെ. പിക്കൊപ്പം നിന്നാൽ കൂടുതൽ പണം കിട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.
പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
പുതുതായി പുറത്തുവന്ന, കെ.സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങൾ തന്റേതു തന്നെയെന്നും പ്രസീത ആവർത്തിച്ചു. ആ ഫോൺ സംഭാഷണത്തിന് തൊട്ടടുത്ത ദിവസമാണ് പണം എത്തിയത്.
തന്റെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റൊരു കക്ഷിക്കും പങ്കില്ല. ദളിത്, ആദിവാസികളുടെ സംഘടനയാണ് ഞങ്ങളുടേത്. എല്ലാം തുറന്ന് പറയാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങൾക്കൊപ്പമുണ്ട്. എൻ.ഡി.എയുമായി പാർട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്തദിവസം തന്നെ ഇതിൽ തീരുമാനമാകും. ഒറ്റയ്‌ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരിൽ താമസിക്കുന്ന വാടകവീട് വരെ ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയുണ്ട്. എന്നാലും നിലപാട് മാറ്റില്ല. പൈസ കിട്ടാത്തതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. പാർട്ടി പ്രവർത്തകർക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാൻ പാർട്ടിയാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും പ്രസീത പറഞ്ഞു.
വഴിപാട് സാധനങ്ങൾക്കൊപ്പം 25 ലക്ഷം
പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങൾ സ്ഥാനാർത്ഥിക്ക് കൊടുക്കാനാണെന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നും പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ. ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.