തൃക്കരിപ്പൂർ: സ്മാർട്ട് ഫോണും ലാപ്ടോപ്പും ടി.വിയും ഇല്ലാത്ത കുട്ടികൾക്ക് മുഴുവൻ ഇവ വിതരണം ചെയ്ത് സൗത്ത് തൃക്കരിപ്പൂർ ഗവ. സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റൽ സൗകര്യം കൈവരിച്ചു. നിർദ്ധന വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ കർമ്മപദ്ധതിയുമായി മുന്നിട്ടിറങ്ങിയ സ്കൂൾ അധികൃതർ പൊതുജനത്തിന്റെ സഹകരണത്തോടെ സമ്പൂർണ്ണ വിജയം നേടുകയായിരുന്നു.

തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം നടത്തി. ഓൺലൈൻ ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള നാൽപത് കുട്ടികൾക്ക് ഡിജിറ്റൽ ഇളമ്പച്ചി പദ്ധതി പ്രകാരം ടെലിവിഷനും മൊബൈലും വിതരണം ചെയ്തു. സ്കൂളിന്റെ കീഴിലുള്ള വിവിധ പ്രാദേശിക വികസന സമിതികളും വ്യക്തികളും സംഘടനകളും അദ്ധ്യാപകരും ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്.

കഴിഞ്ഞ വർഷം വിദ്യാലയത്തിൽ നിന്ന് 38 ടെലിവിഷനുകൾ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ സഹകരണത്തോടെ വിതരണം ചെയ്തിരുന്നു. ഈ വർഷം നൽകിയ 32 മൊബൈലുകളും 8 ടെലിവിഷനുകളും എം.എൽ.എ ഏറ്റുവാങ്ങി. അഞ്ചു ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളാണ് ഈ വർഷം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം. മനു, പി.ടി.എ പ്രസിഡന്റ് കെ. രഘുനാഥ്, എം.പി. കരുണാകരൻ, പ്രിൻസിപ്പൽ സി.കെ. ഹരീന്ദ്രൻ, ഹെഡ് മിസ്ട്രസ് പി.ലീന, എം. ദിവാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.