കണ്ണൂർ: ഉത്തര മലബാറിന്റെ വികസനത്തിന് തന്നെ വിലങ്ങുതടിയായി നിൽക്കുന്ന കണ്ണൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളെടുത്താൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കണ്ണൂർ. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, മേലെ ചൊവ്വ അണ്ടർപാസ്, കണ്ണൂർ ഫ്‌ളൈഓവർ ഉൾപ്പെടെയുള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കും.
വിനോദ സഞ്ചാര രംഗത്ത് അനന്ത സാദ്ധ്യതകളുള്ള ജില്ലയാണ് കണ്ണൂർ. ആ സാദ്ധ്യതകൾ കോർത്തിണക്കി മലബാർ ടൂറിസം വികസന പാക്കേജ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി ഉൾപ്പെടെ നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത്, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും എം.എൽ.എമാർ ഉന്നയിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ടി.ഐ മധുസൂദനൻ, കെ.പി മോഹനൻ, കെ.വി സുമേഷ്, സണ്ണി ജോസഫ്, സജീവ് ജോസഫ്, എം.വിജിൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി മധുസൂദനൻ, കെ.കെ ശൈലജ എം.എൽ.എയുടെ പ്രതിനിധി പി. പുരുഷോത്തമൻ, ജില്ലാ കളക്ടർ ടി.വി സുഭാഷ്, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ എം.ഡി ജാഫർ മാലിക്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർമാരായ വിശ്വപ്രകാശ്, പി.കെ മിനി തുടങ്ങിയവർ പങ്കെടുത്തു.


മന്ത്രി പുതിയതെരു സന്ദർശിച്ചു

കണ്ണൂർ- പുതിയതെരു ജംഗ്ഷനിലും, വളപട്ടണത്തുമുള്ള ഗതാഗത കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശം നൽകി. മന്ത്രി പുതിയതെരു ജംഗ്ഷനും വളപട്ടണം ഭാഗത്തെ ജംഗ്ഷനും സന്ദർശിച്ചു ഗതാഗത പ്രശ്നങ്ങൾ മനസിലാക്കി. ഉദ്യോഗസ്ഥന്മാരോട് അടിയന്തിരമായി ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. കെ.വി സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ ടി.വി സുഭാഷ്, മുൻ എം.എൽ.എ എം. പ്രകാശൻ, പി.ശ്രുതി, അഡ്വ.ടി സരള, പി. പ്രശാന്തൻ, രമേഷ് ബാബു, സുശീല, പ്രദീപൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മേലെ ചൊവ്വ അണ്ടർ പാസ്, കണ്ണൂർ ഫ്‌ളൈഓവർ പദ്ധതി പ്രദേശങ്ങൾ എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി.