കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പെട്രോൾ ബങ്ക് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കുത്തി പരിക്കേൽപ്പിച്ച് ഏഴ് ലക്ഷത്തിലധികം രൂപ കവർന്നു. കണ്ണവം സ്വദേശി സ്വരാജിനാണ് അക്രമത്തിൽ പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം ചെറുവാഞ്ചേരി ടൗണിലാണ് സംഭവം.
പെട്രോൾ ബങ്കിലെ അക്കൗണ്ടന്റായ സ്വരാജ് ചെറുവാഞ്ചേരിയിലെ ഗ്രാമീൺ ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുവന്ന പണമാണ് കവർന്നത്. ബാങ്കിലേക്ക് കയറുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ടംഗ സംഘം സ്വരാജിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും വയറിനും കൈയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. യുവാവിനെ ആദ്യം ചെറുവാഞ്ചേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പൊയിലൂരിലെ ക്വാറി ഉടമയായ രാജീവന്റേതാണ് പെട്രോൾ ബങ്ക്. മുളക് പൊടി പൊതിഞ്ഞ കടലാസിൽ പെട്രോൾ ബങ്ക് ഉടമയ്ക്കുള്ള ഭീഷണി സന്ദേശവും കണ്ടെത്തിയിട്ടുണ്ട്. ക്വാറി മാഫിയ രാജീവന് തുടക്കം മാത്രം എന്നാണ് സന്ദേശത്തിലുള്ളത്. കണ്ണവം പൊലീസ് ഇൻസ്‌പെക്ടർ കെ. സുധീർ, എസ്.ഐ അനീന്ദ്രൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.