കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അഴീക്കോട് സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ചുകൊണ്ടിരുന്ന കാർ കണ്ണൂരിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് പൂട്ടിയ കപ്പൽപൊളി ശാലയിലാണ് കെ.എൽ 13-എ.ആർ.7789 നമ്പർ സ്വിഫ്റ്റ് കാറുള്ളത്. എന്നാൽ ഈ കാറിന്റെ ഉടമസ്ഥൻ കണ്ണൂർ സ്വദേശിയായ മറ്റൊരാളെന്നും തെളിഞ്ഞിട്ടുണ്ട്.
സ്വർണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി വ്യക്തമായിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ബുധനാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അതേ സമയം സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സി.പി.എം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇവർക്കെതിരേ പ്രാദേശികമായി പ്രചാരണം നടത്താനൊരുങ്ങുകയാണ് സി.പി.എം.