നീലേശ്വരം: റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കാനുള്ള പ്രപ്പോസൽ ഉടൻ തയ്യാറാക്കുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ രമേശ്‌, ചീഫ് കമേഴ്ഷ്യൽ ഇൻസ്‌പെക്ടർ പ്രമോദ് എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചതിനു ശേഷം നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കളക്റ്റീവ് ഭാരവാഹികളു മായുള്ള ചർച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടുന്ന പണി പൂർത്തിയായാലുടൻ, ടോയ്ലറ്റിലേക്കുള്ള ജലവിതരണം ഉറപ്പുവരുത്തുന്ന രീതിയിൽ പുതിയൊരു ജലസംഭരണി സ്ഥാപിക്കുമെന്നും കമ്പ്യൂട്ടർ അനൗ ൺസ്‌മെന്റിന്റെ അവശേഷിക്കുന്ന പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കുമെന്നും ഡിവിഷനൽ എൻജിനിയർ സൂചിപ്പിച്ചു.

ആഴ്ചകൾക്ക് മുൻപ് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എൻ.ആർ.ഡി.സി മുഖ്യ രക്ഷാധികാരി പി.മനോജ്‌കുമാർ പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്തയച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം. സ്റ്റേഷനിലെത്തിയ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയറെ എൻ.ആർ.ഡി.സി രക്ഷാധികാരി എം.വി മോഹൻദാസ് മേനോൻ, സെക്രട്ടറി എൻ. സദാശിവൻ, പി.ടി രാജേഷ്, എം. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രസിഡന്റ്‌ സുജിത്കുമാർ, പി.യു ചന്ദ്രശേഖരൻ, കെ.എം ഗോപാലകൃഷ്ണൻ, കെ. അശ്വിൻ, കെ. സംഗീത് എന്നിവർ ചർച്ച ചെയ്തു. നീലേശ്വരം എഫ്.സി.ഐ യിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള നിർദേശം ഡിവിഷൻ തലത്തിൽ സമർപ്പിച്ചു കഴിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു. എൻ.ആർ.ഡി.സി മുൻകൈയെടുത്ത് സ്റ്റേഷനിൽ സിസി ടിവി, കോച്ച് പൊസിഷൻ ബോർഡ്‌ എന്നിവ സ്ഥാപിക്കാനുള്ള നിർദ്ദേശവും ഭാരവാഹികൾ ഉദ്യോഗസ്ഥരെ അറിയിച്ചു.