തൃക്കരിപ്പൂർ: തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് വീണു. ഇടയിലക്കാട്ടിലെ എ.കെ.മുരളി (46) ആണ് തേങ്ങ പറിക്കാൻ കയറിയ തെങ്ങിൻ മുകളിൽ നിന്നും ഷോക്കേറ്റ് നിലംപതിച്ചത്. ഇടയിലക്കാട് ബണ്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് അപകടം നടന്നത്. വാരിയെല്ലുകളും വൻകുടലും തകർന്ന ഇയാൾ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തുകൂടി കടന്നു പോകുന്ന 11 എച്ച്.ടി. ലൈനിൽ നിന്നാണ് ഇയാൾക്ക് ഷോക്കേറ്റത്. ഇയാൾ കയറിയ തെങ്ങിന്റെ ഓല അവിചാരിതമായി ഹെവി വോൾട്ടേജ് കടന്നു പോകുന്ന ലൈനിൽ തട്ടിയ യതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ജനവാസകേന്ദ്രത്തിലെ, തെങ്ങുകൾക്കിടയിലൂടെ കടന്നുപോകുന്ന ഈ വൈദ്യുതി ലൈൻ പലയിടത്തും തെങ്ങോലകൾക്ക് തൊട്ടു തൊട്ടില്ല എന്ന നിലയിലാണ് ഉള്ളത്. ഇത്തരം തെങ്ങോലകൾ വെട്ടിമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. മൃഗങ്ങൾക്കും ഇതേ രീതിയിൽ അപകടമുണ്ടാകുന്നുണ്ട്.