കാഞ്ഞങ്ങാട്: വീട് കവർച്ചാ കേസിൽ പ്രതി 17 വർഷത്തിനുശേഷം പിടിയിൽ. കാഞ്ഞങ്ങാട് രാജധാനി ജുവലറി മോഷണ കേസിലെ മൂന്നാംപ്രതി കൃഷ്ണമന്ദിർ റോഡിലെ രവീന്ദ്രൻ (46) ആണ് അറസ്റ്റിലായത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിച്ചാൽ മുണ്ടപ്ലാവിൽ മൊയ്തുവിന്റെ വീട് രാത്രി കുത്തി തുറന്ന് 90 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതാണ് കേസ്.

കേസിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ച് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞദിവസം സംസ്ഥാന തലത്തിൽ വിരലടയാള വിദഗ്ദ്ധർ പ്രതികളുടെ വിരലടയാളങ്ങൾ വിവിധ കേസുമായി ഒത്തുനോക്കുന്നതിനിടയിലാണ് രാജധാനി ജുവലറി കവർച്ചാ കേസിലെ പ്രതി രവീന്ദ്രന്റെ വിരലടയാളവും കോളിച്ചാലിലെ സ്വർണ കവർച്ച നടന്ന വീട്ടിലെ വിരലടയാളവും ഒന്നാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് അതിരഹസ്യമായി കോടതി അനുമതിയോടെ കേസന്വേഷണം പുനരാരംഭിക്കുകയും രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശ്രീകൃഷ്ണമന്ദിർ റോഡിൽ ഹോട്ടൽ നടത്തിവരികയായിരുന്നു രവീന്ദ്രൻ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കാഞ്ഞങ്ങാട്ടെ രാജധാനി ജുവലറി കവർച്ച കേസ് കോടതിയുടെ പരിഗണനയിലാണ് .