കാഞ്ഞങ്ങാട്: അമ്പലത്തറയിൽ പ്രവർത്തിക്കുന്ന പുല്ലൂർ പോസ്റ്റ് ഓഫീസിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ കെ.എസ് ഇന്ദുകുമാരിക്കെതിരെയാണ് കാഞ്ഞങ്ങാട് സബ്ബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ കെ.ഇ. ഇസ്മായിലിന്റെ പരാതിൽ പൊലീസ് കേസെടുത്തത്.

പോസ്റ്റ് ഓഫീസിൽ സുകന്യസ്മൃതിയോജന പദ്ധതിയിലൂടെ പണം നിക്ഷേപിച്ച നാല് വനിതകൾ പോസ്റ്റൽ വകുപ്പിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. 2016 ആഗസ്റ്റ് 20 മുതൽ ഈ വർഷം ഫെബ്രുവരി 25 വരെയുള്ള ദിവസങ്ങളിലാണ് ഇന്ദുകുമാരി വൻതോതിൽ ക്രമക്കേട് നടത്തിയതായി പറയുന്നത്. നാല് വനിതകളിൽ നിന്നായി 1,46,500 രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നിക്ഷേപകർ നൽകുന്ന പണം ബുക്കിൽ രേഖപ്പെടുത്തുമെങ്കിലും പോസ്റ്റ് ഓഫീസിൽ അടച്ചിരുന്നില്ല. പാറപ്പള്ളി കുമ്പളയിലെ ഒരു അങ്കൻവാടി ടീച്ചറും റേഷൻകടക്കാരനും പണം പിൻവലിക്കാൻ പോയപ്പോഴാണ് തങ്ങളുടെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തിയത്.

തുടർന്ന് മറ്റ് രണ്ടുപേർകൂടി പരാതിയുമായി രംഗത്തുവന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ചിൽ ഇന്ദുവിനെ അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. നാലുപേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. ഇതേപോലെ നിരവധി ആളുകളുടെ നിക്ഷേപങ്ങൾ തട്ടിയെടുത്തിട്ടുണ്ടെങ്കിലും പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും അറിയുന്നു.