കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പെട്രോൾ ബങ്ക് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് 7,90,000 രൂപ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കവർച്ച നടന്ന കേരള ഗ്രാമീൺ ബാങ്ക് പരിസരത്ത് ഫോറൻസിക്ക്, സയന്റിഫിക്ക്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തി. സയന്റിഫിക്ക് ഓഫീസർ പി. ശ്രീജയും, ഫിംഗർപ്രിന്റ് എക്സ്‌പേർട്ട് സിന്ധുവുമാണ് പരിശോധന നടത്തിയത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
അക്രമത്തിനിരയായ പെട്രോൾ ബങ്കിലെ ജീവനക്കാരൻ സ്വരാജിന്റെ മൊഴി കണ്ണവം പൊലീസ് രേഖപ്പെടുത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി അടുത്ത ദിവസം തന്നെ പട്രോൾ ബങ്ക് ജീവനക്കാരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വ്യക്തമായ ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൂടാതെ പെട്രോൾ ബങ്ക് ഉടമയ്ക്കുള്ള ഭീഷണി കുറിപ്പും സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. ഇത് അനേഷണത്തെ വഴിതിരിച്ച് വിടാനാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
കൂത്തുപറമ്പ് എ.സി.പി കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ കണ്ണവം പൊലീസ് ഇൻസ്‌പെക്ടർ കെ. സുധീറാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച വൈകിട്ടാണ് ചെറുവാഞ്ചേരിയിലെ പെട്രോൾ ബങ്ക് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നത്. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് മുളക് പൊടി വിതറിയ ശേഷം സ്വരാജിനെ ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.