പട്ടുവം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം സമൃദ്ധിയിലായ പട്ടുവത്തിന്റെ നെൽവയലുകളിൽ ഇക്കുറി ആരവങ്ങളില്ല. കണ്ണൂരിന്റെ കുട്ടനാടെന്ന് വിശേഷമുള്ള പട്ടുവം, ഏഴോം, നരിക്കോട് കാർഷിക മേഖലയിൽ മൊത്തം പാടശേഖരങ്ങളുടെ കാൽഭാഗം പോലും ഇത്തവണ നെൽക്കൃഷി ചെയ്യാൻ പറ്റാതെ ശൂന്യമാണ്. വിത്തിറക്കിയ സമയത്ത് ഓർക്കാപ്പുറത്തുപെയ്ത വേനൽ മഴയാണ് വില്ലനായത്. പാടങ്ങളിൽ വെള്ളത്തിൽ മുങ്ങി വിത്തുകൾ നശിക്കുകയായിരുന്നു.
കാവുങ്കൽ കുന്നരു റോഡിന് പടിഞ്ഞാറുള്ള വിശാലമായ തെക്കേ വയലിലും കിഴക്കേപ്രം കൈപ്പാടുനിലത്തിന്റെ തെക്കേ കരവയലായ നടുവയലിലും ഏതാനും ഏക്കർ സ്ഥലത്തു മാത്രമാണ് നാട്ടി പണി നടന്നത്.
വളർച്ച അരണ്ടുപോയ വിത ഞാറു പറിച്ചുനടാൻ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ പല കർഷകർക്കും നാട്ടിപ്പണിയോടുള്ള ആവേശം തന്നെ ഇല്ലാതാക്കി. നവംബർ മാസം വരെ സൗജന്യ റേഷൻ തുടരുമെന്ന പ്രതീക്ഷയും നാട്ടിപണിക്കാരെ വയലിൽ നിന്നും പുറകോട്ടടുപ്പിച്ചതായി പറയുന്നു. തിരുവാതിര ഞാറ്റുവേലയാണിപ്പോൾ. കനത്ത മഴ പെയ്യേണ്ട സമയമാണെങ്കിലും ഇക്കുറി ദിവസങ്ങളായി മഴയില്ലാത്ത സ്ഥിതിയാണ്. ഞാറ്റടികൾ വളർന്ന വയലുകൾ നിറഞ്ഞുനിൽക്കേണ്ട കാഴ്ച ഒരു പാടശേഖരത്തിലും കാണാനില്ല. കർഷക തൊഴിലാളികളുടെ ആരവം നിറയേണ്ട വയലുകളിൽ അങ്ങിങ്ങായി ഒന്നോ രണ്ടോ സ്ത്രീകൾ മാത്രമാണ് ജോലിക്കായി എത്തുന്നത്.