പാനൂർ: വാഴമലയിൽ ആനയിറങ്ങി കൃഷിയിടം നശിപ്പിച്ചു. പാറക്കൽ തോമസിന്റെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിലെ തെങ്ങും, കവുങ്ങും ഉൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്. എട്ട് ആനകൾ കൂട്ടത്തിലുണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് കൃഷിയിടത്തിലിറങ്ങിയതെന്നും 50 വർഷത്തിനിടയിൽ ആദ്യമായാണ് വാഴ മലയിൽ ആനയിറങ്ങുന്നതെന്നും കർഷകർ പറയുന്നു. ഫോറസ്റ്റ് ബീറ്റ് ഓഫീസർ ഹരി ശങ്കർ, കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് ഒ.കെ. വാസു, വനം സംരക്ഷണ സമിതി ഭാരവാഹി രതീശൻ ആനക്കുഴി എന്നിവർ കൃഷിയിടം സന്ദർശിച്ചു.