തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി കവ്വായി കായലിന് കുറുകെ നിർമ്മിച്ച മാടക്കാൽ തൂക്കുപാലം തകർന്നിട്ട് വർഷം 8 തികഞ്ഞു. പകരം പാലം ഇപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. വല്ലപ്പോഴുമെത്തുന്ന ജല ഗ താഗത വകുപ്പിന്റെ ബോട്ടിനെയും, കടത്തു തോണിയേയും ആശ്രയിച്ചു യാത്ര ചെയ്യുന്ന നാട്ടുകാർക്ക് മഴക്കാലം ആരംഭിച്ചതോടെ ദുരിത മിരട്ടിച്ചു.

2013 ഏപ്രിൽ 29നാണ് കാലങ്ങളായുള്ള യാത്രാ പ്രശ്നത്തിനുള്ള പരിഹാരമെന്നോണം മാടക്കാലിനെയും വലിയപറമ്പയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം നാട്ടുകാർക്ക് തുറന്നുകൊടുത്തത്. 305 മീറ്റർ നീളത്തിൽ 100 ടൺ ഉരുക്ക് ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന് 3.97 കോടി രൂപയാണ് ചെലവ്. പൊതു മേഖല സ്ഥാപനമായ "കെൽ" ഏറ്റെടുത്ത പ്രവൃത്തി ഓർബിറ്റ് ലിങ്ക്സ്, കല്യാൺ എന്നീ സ്വകാര്യ നിർമ്മാണ കമ്പനിയാണ് പൂർത്തിയാക്കിയത്. ഉദ്ഘാടനം കഴിഞ്ഞ് 2 മാസം പൂർത്തിയാക്കുന്നതിന് മുമ്പായി ജൂൺ 27ന് ഉച്ചക്ക് 12നും ഒരു മണിക്കുമിടയിൽ പാലം തകർന്ന് കവ്വായി കായലിൽ പതിക്കുകയാണുണ്ടായത്.

മാടക്കാൽ ഭാഗത്ത് കരയോടടുത്ത് സ്ഥാപിച്ച 22 മീറ്റർ ഉയരത്തിലുള്ള കൂറ്റൻ ഫില്ലർ തകർന്ന് വീണതാണ് അപകടത്തിന് കാരണം. തത്സമയം പാലത്തിന് മുകളിൽ ഉണ്ടായിരുന്ന രണ്ടു പേർ കാര്യമായ അപകടമൊന്നും സംഭവിക്കാതെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുകയാണുണ്ടായത്. സംഭവത്തിനു ശേഷം കെൽ അധികൃതർ സ്ഥലത്തെത്തി, തകർന്ന പാലത്തിന് പകരം പുതിയ പാലമെന്ന പ്രഖ്യാപനം നടത്തി.

അശാസ്ത്രീയത കണ്ടെത്തി

അപകടം സംഭവിക്കാനുള്ള കാരണമന്വേഷിക്കാനായി എത്തിയ കെൽ എൻജിനീറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ ഫില്ലറിന്റെ അടിത്തറയും മുകൾഭാഗവും തമ്മിൽ യോജിപ്പിച്ചിരുന്ന പ്രവൃത്തി അശാസ്ത്രീയമായിരുന്നുവെന്നും ഇതാണ് പാലം തകരാൻ കാരണമെന്നും കണ്ടെത്തിയിരുന്നു.

പ്രക്ഷോഭത്തിലും പുരോഗതിയില്ല

പാലം നിർമ്മാണം വൈകുന്നതിൽ നാട്ടുകാർ പലവിധ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടയിൽ വികസന സമിതിയുടെ പേരിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും പറയുന്നു. തീരദേശ ജനതയുടെ ദശാബ്ദങ്ങളായുള്ള ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാനായി കിഫ്ബി പോലുള്ള സാമ്പത്തിക സഹായത്തോടെ ചില നടപടികൾക്ക് തുടക്കം കുറിച്ച സർക്കാരിൽ പ്രതീക്ഷ അർപ്പിച്ചു കഴിയുകയാണ് കടലിനും കായലിനും ഇടയിലുള്ള പൊതുജനം.