മാഹി: മയ്യഴിയിലെ യുവാക്കളുടേയും കൗമാരക്കാരുടേയും ഇടയിൽ വ്യാപകമായി കൊറിയൻ സിഗരറ്റ് എസ്സേ (ലലൈ) ഉപയോഗം. വെള്ള പാക്കറ്റിലുള്ള വെളുത്ത 'സുന്ദരൻ" സിഗരറ്റ് രൂപം കൊണ്ടും ഇവരെ ആകർഷിക്കുന്നു. മയ്യഴിയിലെ ഒട്ടുമിക്ക ഷോപ്പുകളിലും ഇവയുണ്ടെങ്കിലും പ്രദർശിപ്പിക്കാതെയാണ് വില്പന. ആവശ്യക്കാർ എത്തിയാൽ അകത്ത് നിന്നും എടുത്ത് നൽകും.
ഒറിജിനൽ ഒരു പാക്കറ്റിന് 190 രൂപയുണ്ടെങ്കിലും, 75 രൂപക്ക് 20 എണ്ണമുള്ള പാക്കറ്റ് മയ്യഴിയിൽ കിട്ടുന്നുണ്ട്. ചില്ലറ വാങ്ങുമ്പോൾ ഒന്നിന് 10 രൂപ നൽകണം. എസ്സേ ഗോൾഡ് എന്ന മറ്റൊരിനത്തിന് 200 രൂപയാണ് മാഹിയിൽ വില ഈടാക്കുന്നത്. പുകയിലയുടെ ഗന്ധം നേരിയ തോതിൽ മാത്രമേ അനുഭവപ്പെടുകയുള്ളൂ. ലഹരിയും കുറവാണത്രെ. തൊണ്ടയിൽ കുത്തുന്ന പുകയിലയുടെ വീര്യവും ഉണ്ടാകില്ലെന്നാണ് അനുഭവസ്ഥരുടെ കമന്റ്.
ഇത്തരം സിഗരറ്റുകൾ വൻതോതിൽ കരിപ്പൂർ വിമാനത്താവളത്തിൽ അടുത്തിടെ പിടിക്കപ്പെട്ടിട്ടുണ്ട്. മലപ്പുറം ഭാഗത്തുനിന്നാണ് ഇവ വൻതോതിൽ മയ്യഴിയിലെത്തുന്നതെന്നറിയുന്നു.