പാനൂർ: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ഓരോജില്ലയിലും ഉയരുന്ന സാംസ്കാരിക സമുച്ചയങ്ങളുടെ ഭാഗമായി പാട്യത്ത് വാഗ്ഭടാനന്ദ ഗുരുദേവരുടെ നാമധേയത്തിലുള്ള സാംസ്കാരിക സമുച്ചയത്തിന്റെ അക്വിസേഷൻ നടപടി പൂർത്തിയായി. ഭൂമിയുടെ രേഖ തഹസിൽദാർ സാംസ്കാരിക വകുപ്പിനു കൈമാറി. പാട്യം മിനി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന 89 സെന്റും സമീപത്തുള്ള 2 ഏക്കർ 15 സെന്റിന്റെയും രേഖയാണ് കൈമാറിയത്. മൂന്നേക്കർ മുതൽ അഞ്ച് ഏക്കർ വരെ വിസ്തൃതിയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന സമുച്ചയത്തിന് 50 കോടി രൂപയാണ് കിഫ്ബി അനുവദിക്കുന്നത്.
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് - പാനൂർ റോഡിൽ കൊട്ടയോടിയിൽ നിന്നും ചെറുവാഞ്ചേരിയിേലേക്ക് പോകുന്ന
റോഡിന്റെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പാട്യം പഞ്ചായത്ത് മിനി സ്റ്റേഡിയമാണ് പഞ്ചായത്ത് സൗജന്യമായി വിട്ടു നല്കിയത്. സ്റ്റേഡിയത്തിനു സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലമായ 2.15 ഏക്കർ ഭൂമി നെഗോഷ്യബിൾ ഡയറക്ട് പർച്ചേസിന് ഭരണാനുമതി നല്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വാഗ്ഭടാനന്ദ ഗുരുദേവരുടെ ജന്മഗൃഹമായ തേനങ്കണ്ടി വാഴവളപ്പ് ഏതാനും മീറ്ററുകൾ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
കെട്ടിടം ജില്ലാ ആസ്ഥാനത്ത് നിർമ്മിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നെങ്കിലും വാഗ്ഭടാനന്ദന്റെ ജന്മനാടായ പാട്യത്താണ് സ്മാരകം പണിയേണ്ടതെന്ന തീരുമാനമാണ് സ്വീകാര്യമായത്. പദ്ധതിക്ക് അംഗീകാരം ലഭിച്ച ഉടൻ ടെൻഡർ നടപടി ആരംഭിച്ച്, നൂറുദിന കർമ്മ പദ്ധതിയിൽപ്പെടുത്തി സമുച്ചയ നിർമ്മാണത്തിന് തുടക്കം കുറിക്കും.
47,800 ചതുരശ്ര അടി
കേരള വാസ്തുശില്പ ശൈലിയിൽ ആകെ 47,800 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ബൃഹത് സമുച്ചയത്തിൽ വലിയ ഓഡിറ്റോറിയം, നൃത്ത സംഗീത നാടകശാലകൾ, ഗ്രന്ഥശാല, ആർട് ഗാലറി, വീഡിയോ ഹാൾ, 10,000 ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന ഓപ്പൺ എയർ തീയറ്റർ, ബ്ലാക്ക് ബോക്സ് തീയറ്റർ, സെമിനാർ ഹാൾ, എക്സിബിഷൻ സ്റ്റാളുകൾ, കഫറ്റേരിയാ, ശില്‌പികൾ, ചിത്രകാരന്മാർ, കരകൗശല വിദ്ഗ്ദ്ധർ എന്നിവർക്കുള്ള പണി ശാലകൾ തുടങ്ങിയവ ഉണ്ടായിരിക്കും.
.