തൃക്കരിപ്പൂർ: ക്ലീൻ തൃക്കരിപ്പൂരിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ വീടുകളും, സ്ഥാപനങ്ങളിൽ നിന്നുമായി ഹരിത കർമ്മ സേന മുഖേന ശേഖരിച്ച 111 ടൺ അജൈവ മാലിന്യം കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ക്ലീൻ കേരളക്ക് കൈമാറി. രണ്ടാഴ്ചക്കാലമായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നടന്ന രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനത്തിന് ഇതോടെ സമാപ്തിയായി. കിലോഗ്രാമിന് 10 രൂപ എന്ന നിരക്കിലാണ് ക്ളീൻ കേരള കമ്പനിക്ക് പഞ്ചായത്ത് തുക നൽകേണ്ടത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപയും, വാർഡ് സാനിറ്റേഷൻ കമ്മിറ്റിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും, ഇതിന് പുറമെ ടൗൺ ഡവലപ്പ്മെന്റ് സപ്പോർട്ടിംഗ് ഗ്രൂപ്പ് ഒരു ലക്ഷം രൂപയും ചെലവഴിച്ചു. തുടർ പ്രവർത്തനമെന്ന നിലക്ക് മാലിന്യം നിയന്ത്രിക്കുന്നതിനായുള്ള ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അറിയിച്ചു.